തൃശൂർ: ഉണ്ണിക്കണ്ണൻമാരും രാധമാരും നിറഞ്ഞു, നാട് വൃന്ദാവനം. അതിവർണാഭമായിരുന്നു ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നടന്ന ശോഭായാത്രകൾ. ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ ആയിരത്തോളം കേന്ദ്രങ്ങളിൽ ചെറുശോഭായാത്രകളും ഗുരുവായൂർ, ചാവക്കാട്, വാടാനപ്പിള്ളി, തൃപ്രയാർ, കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടകര, വടക്കാഞ്ചേരി, തിരുവില്വാമല, ചേലക്കര, കുന്നംകുളം തുടങ്ങിയ കേന്ദ്രങ്ങളിൽ മഹാശോഭായാത്രകളും നടന്നു. രാധാ - കൃഷ്ണൻമാർക്കൊപ്പം പുരാണവേഷധാരികളും നിശ്ചലദൃശ്യങ്ങളും വീഥികളെ ഗോകുലങ്ങളാക്കി. അഷ്ടമിരോഹിണിക്ക് പ്രാധാന്യമുള്ള ഗുരുവായൂരിൽ പതിനായിരങ്ങൾ ദർശനത്തിനെത്തി.
ബാലഗോകുലം തൃശ്ശിവപേരൂർ മഹാനഗറിന്റെ ആഭിമുഖ്യത്തിൽ കുട്ടനെല്ലൂർ, അഞ്ചേരി, വളർക്കാവ്, നെല്ലിക്കുന്ന്, കുന്നത്തുംകര, ചേലക്കോട്ടുകര, കിഴക്കുംപാട്ടുകര, നെട്ടിശ്ശേരി, മുക്കാട്ടുകര, നെല്ലങ്കര, ചെമ്പുക്കാവ്, തിരുവമ്പാടി, കുട്ടൻകുളങ്ങര, പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോൾ, തെഞ്ചിത്ത് കാവ്, പുതൂർക്കര, കോട്ടപ്പുറം, അരണാട്ടുകര, കൂർക്കഞ്ചേരി, കണ്ണൻകുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ ശോഭയാത്രകൾ പാറമേക്കാവിന് മുന്നിൽ സംഗമിച്ച് മഹാശോഭയാത്രയായി നായ്ക്കനാൽ വഴി വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ സമാപിച്ചു. നിരവധി നിശ്ചലദൃശ്യങ്ങളും അണിനിരന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ കുട്ടികൾക്കുള്ള സ്‌നേഹനിധി സമർപ്പണവും എസ്.എൻ.ഡി.പി അസി. സെക്രട്ടറി കെ.വി. സദാനനന്ദൻ നിർവഹിച്ചു. സ്വാഗത സംഘം ചെയർപേഴ്‌സൺ ഡോ. ലത രാജീവ് അദ്ധ്യക്ഷയായി. എൻ. ഹരീന്ദ്രൻ, വി.എൻ. ഹരി, സി.കെ. മധു എന്നിവർ സംസാരിച്ചു. തിരുവമ്പാടി ക്ഷേത്രത്തിലും വിവിധ പരിപാടികളോടെ അഷ്ടമിരോഹിണി ആഘോഷിച്ചു.
കുട്ടികളെ സുരക്ഷിതവഴിയിലൂടെ നടത്താൻ കഴിയട്ടെ: സുരേഷ് ഗോപി
തൃശൂർ: ശോഭായാത്രയിൽ പങ്കെടുക്കുന്നതിലൂടെ കുട്ടികളെ സുരക്ഷിതവഴിയിലൂടെ നടത്താൻ സാധിക്കട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബാലഗോകുലം തൃശ്ശിവപേരൂർ മഹാനഗറിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മഹാശോഭായാത്ര പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടർന്ന് ശോഭായാത്രയിലും അദ്ദേഹം പങ്കെടുത്തു. ചടങ്ങിൽ കെ.വി. സദാനന്ദൻ, ടി.എസ്. പട്ടാഭിരാമൻ, പി.കെ. വത്സൻ, കെ. സുരേഷ്, പി. സുധാകരൻ, കെ.കെ. അനീഷ് കുമാർ, എം.എസ്. സമ്പൂർണ, വി. ശ്രീനിവാസൻ, പൂർണിമ സുരേഷ്, വി.എൻ. ഹരി, രവികുമാർ ഉപ്പത്ത്, സുരേന്ദ്രൻ ഐനിക്കുന്നത്ത് എന്നിവർ പങ്കെടുത്തു.
ഈ കുട്ടികൾക്ക് ഇപ്പോൾ ഒന്നും മനസിലാകുന്ന പ്രായമല്ല. എന്നാൽ വർണശോഭ നിറഞ്ഞ അന്തരീക്ഷം എന്നും മനസ്സിലുണ്ടാകും. പിന്നീടുള്ള ജീവിതത്തിൽ എതിർശക്തികൾക്ക് വന്ന് സ്പർശിക്കാൻ കഴിയാത്തപോലെ പ്രഭാവലയം സൃഷ്ടിക്കാൻ സാധിക്കണം.
- സുരേഷ് ഗോപി, കേന്ദ്രമന്ത്രി