1

ചാലക്കുടി: മുരിങ്ങൂർ ചീനിക്കൽ ഭഗവതി ക്ഷേത്രത്തിൽ ആഗസ്റ്റ് 27 മുതൽ സെപ്തംബർ ഒന്നുവരെ നവചണ്ഡികാ ഹോമം നടക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പ്രധാന ചടങ്ങുകൾ. വെള്ളിയാഴ്ച ഭദ്ര ദീപ പ്രകാശനം നടക്കും. വൈകിട്ട് 6നുള്ള സാംസ്‌കാരിക സമ്മേളനം സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശിവഗിരിയിൽ നിന്നുമെത്തിക്കുന്ന ദീപം കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്യും. തന്ത്രി പറവൂർ രാകേഷ് ശാന്തികൾ അനുഗ്രഹ പ്രഭാഷണവും ജ്യോതിഷ പണ്ഡിതൻ സുഭാഷ് ആചാരി സുഭാഷ് ചെറുകുന്ന് ആമുഖ പ്രഭാഷണം നടത്തും. പ്രമുഖ വ്യവസായി മുംബയ് മണി, ക്ഷേത്രം സ്ഥപതി ദേവദാസ് ആചാരി, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, ജില്ലാ പഞ്ചായത്ത് അംഗം ലീലാ സുബ്രഹ്മണ്യൻ, പി.പി. പരമേശ്വരൻ, വനജ ദിവാകരൻ തുടങ്ങിയവർ പ്രസംഗിക്കും. പ്രൊഫ. സരിത അയ്യർ മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച യജ്ഞം ആരംഭിക്കും. രാവിലെ 6ന്് യജ്ഞാചാര്യൻ ഡോ. മൂർത്തി കാളിദാസ് ഭട്ടിനെ താളമേളങ്ങളോടെ വേദിയിലേക്ക് ആനയിക്കും. ഞായറാഴ്ച ചാണ്ഡികാ ഹോമവും പൂർണ ഹൂതിയും നടക്കും. ഹോമത്തിന്റെ പ്രാഥമിക ചടങ്ങുകൾ ഇന്ന്് ആരംഭിക്കും. വൈകിട്ട് നടക്കുന്ന ചടങ്ങിൽ ക്ഷേത്രത്തിലെ മുൻമേൽശാന്തിമാരെ ആദരിക്കും. ബുധനാഴ്ച ആദരവ്, പ്രഭാഷണം, കലാസന്ധ്യ, വ്യാഴാഴ്ച പ്രഭാഷണം, സംഗീതക്കച്ചേരി എന്നിവയുമുണ്ടാകും. പ്രസിഡന്റ് കെ.എൻ. വിശാലാക്ഷൻ, സെക്രട്ടറി ഗോപി കണ്ഡരുമഠത്തിൽ, ട്രഷറർ സെൽവൻ പണിക്കശ്ശേരി, ജനറൽ കൺവീനർ ധർമ്മജൻ പെരിങ്ങാത്ര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.