ചാലക്കുടി: 2661.2 അടി ജലനിരപ്പായതോടെ ഷോളയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പറമ്പിക്കുളം - ആളിയാർ കരാർ പ്രകാരം സെപ്തംബർ ഒന്നിനകം അപ്പർ ഷോളയാറിൽ നിന്നും വെള്ളം വിട്ട് കേരള ഷോളയാർ ഡാം നിറയ്ക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമാണ് 2663 അടി സംഭരണ ശേഷിയുള്ള ഷോളയാർ ഡാം നിറയുന്നത്. എന്നാൽ കാര്യമായി മഴയില്ലാത്തതിനാൽ ഡാം തുറക്കാൻ സാദ്ധ്യത കുറവാണ്. മൂന്ന് ജനറേറ്ററുകളിൽ നിന്നായി 54 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇതേസമയം പെരിങ്ങൽക്കുത്ത് ഡാമിൽ ഇപ്പോൾ 76 ശതമാനമാണ് വെള്ളം. ഇവിടെ 76 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. മഴ കുറഞ്ഞതോടെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പും കുറവാണ്.