തൃശൂർ: താരങ്ങൾക്ക് നേരെയുള്ള ലൈംഗികാരോപണങ്ങളിൽ പ്രതികരണം തേടിയ മാദ്ധ്യമ പ്രവർത്തകരെ പിടിച്ചുതള്ളിയും ആക്രോശിച്ചും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനമയെന്ന വലിയ സംവിധാനത്തെ തകിടംമറിക്കുകയാണെന്നും വിവാദം മാദ്ധ്യമങ്ങൾക്ക് തീറ്റയാണെന്നും ആക്ഷേപിക്കുകയും ചെയ്തു.
ആരോപണവിധേയരിൽ ഒരാളായ നടൻ മുകേഷിനെക്കുറിച്ചുള്ള ചോദ്യത്തോടാണ് ഇന്നലെ ആദ്യം സുരേഷ് ഗോപി പൊട്ടിത്തെറിച്ചത്. രാവിലെ ഒല്ലൂരിലായിരുന്നു ഇത്.
'മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. നിങ്ങൾ വിവാദങ്ങൾ വിറ്റ് കാശാക്കിക്കോളൂ. പരാതികൾ ആരോപണത്തിന്റെ രൂപത്തിലാണ്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. എന്തു ചെയ്യണമെന്ന് കോടതിക്കറിയാം. പാവം ആടുകളെ തമ്മിൽ തല്ലിച്ച് ചോരകുടിക്കുകയാണ് മാദ്ധ്യമങ്ങൾ. സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറിക്കുകയുമാണ്. അമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാൻ ഞാൻ അമ്മ ഓഫീസിൽ നിന്നല്ല വരുന്നത്. ഓഫീസിൽ നിന്നിറങ്ങി വരുമ്പോൾ അക്കാര്യം ചോദിക്കുക. വീട്ടിൽ നിന്നുവരുമ്പോൾ അക്കാര്യവും"- സുരേഷ്‌ഗോപി പറഞ്ഞു.
ഇതിന് പിന്നാലെ, സുരേഷ്ഗോപിയുടെ നിലപാട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തള്ളി. നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാം. ബി.ജെ.പി നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണ്. മുകേഷ് രാജി വയ്ക്കണമെന്നാണ് നിലപാടെന്നും വിശദീകരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രാമനിലയത്തിനു മുന്നിൽ മാദ്ധ്യമങ്ങൾ സുരേഷ്ഗോപിയെ കാത്ത് നിന്നു. കാറിൽ കയറുന്നതിനിടെയാണ് ചോദ്യമുന്നയിച്ച മാദ്ധ്യമ പ്രവർത്തകരെ തള്ളുകയും കൈചൂണ്ടി കയർക്കുകയും ചെയ്തത്. എന്റെ വഴി എന്റെ അവകാശം. ആർക്കും തടയാനാവില്ലെന്നും പറഞ്ഞു. തുടർന്ന് കാറിൽ കയറി, പ്രതികരിക്കാൻ സൗകര്യമില്ലെന്നറിയിച്ച് യാത്ര തിരിച്ചു.
സംഭവത്തിനു പിന്നാലെ, തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ അദ്ദേഹത്തിന്റെ പോസ്റ്റർ വലിച്ചുകീറി. പത്രപ്രവർത്തക യൂണിയൻ ജില്ലാക്കമ്മിറ്റിയും പ്രതിഷേധിച്ചു.
സുരക്ഷ വലയത്തിൽ സുരേഷ് ഗോപി
ഹേമ കമ്മിഷൻ റിപ്പോർട്ടിലുള്ള പ്രതികരണവും ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റ ശ്രമത്തിൽ പ്രതിഷേധവും ശക്തമായതോടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. ഇന്നലെ ഉച്ചയോടെ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കൈയേറ്റ ആരോപണം ഉയർന്നതോടെ വിവിധ സംഘടനകൾ സുരേഷ് ഗോപിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു ഇതോടെയാണ് സുരക്ഷ വർദ്ധിപ്പിച്ചത്. ഇന്നലെ വൈകിട്ട് സൂപ്പർ ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ തൃശൂർ മാജിക് ടീമിന്റെ ജഴ്സി പ്രകാശനച്ചടങ്ങിൽ എത്തിയത് സുരക്ഷാവലയത്തിലായിരുന്നു. വിവാദങ്ങളെക്കുറിച്ച് പിന്നീട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. എ.ഐ.വൈ.എഫ്, പി.ഡി.പി എന്നിവർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എൽ.ഡി.എഫും കോൺഗ്രസും പ്രതിഷേധിച്ചിരുന്നു.