തൃശൂർ: കലാമൂല്യമുള്ള ചിത്രങ്ങളുടെ സ്രഷ്ടാവ്, മികച്ച തിരക്കഥാകൃത്ത്, നിർമ്മാതാവ്... വിശേഷണങ്ങളേറെയുണ്ട് ഇരിങ്ങാലക്കുടക്കാരൻ മോഹന്. അദ്ദേഹത്തിന്റെ സംവിധാനമികവിൽ ഒരുപിടി അതുല്യപ്രതിഭകളും മലയാളത്തിന് കിട്ടി. അതിൽ പ്രധാനിയാണ് നാട്ടുകാരൻ കൂടിയായ ഇന്നസെന്റ്. സഹനടനായിരുന്ന നെടുമുടി വേണുവിനെ ആദ്യം നായകനാക്കി മികച്ച നടനുള്ള പുരസ്‌കാരം നേടികൊടുക്കാനും മോഹന് കഴിഞ്ഞു. 'ഇടവേള' എന്ന സിനിമയ്ക്കുശേഷം ബാബുവിന്റെ പേര് തന്നെ അങ്ങനെയായതും മോഹന്റെ പൊൻതൂവൽ. 'നൃത്തശാല'യിലൂടെയായിരുന്നു ഇന്നസെന്റ് എന്ന കളിക്കൂട്ടുകാരനെ മലയാളത്തിന് പരിചയപ്പെടുത്തിയത്.
പഠനത്തോടൊപ്പം സിനിമ മോഹവുമായി മദ്രാസിലെത്തിയ മോഹൻ അച്ഛന്റെ ഒരു സുഹൃത്തു വഴിയാണ് സംവിധായകൻ എം. കൃഷ്ണൻ നായരെ പരിചയപ്പെട്ടതും സിനിമയിലേക്ക് വഴിതിരിഞ്ഞതും. 'നൃത്തശാല' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്തായിരുന്നു ഇന്നസെന്റ് എത്തിയത്. പ്രൊഡക്ഷൻ അസി. മാനേജരായിട്ടായിരുന്നു നിയമനം. സിനിമയിൽ ഒരു കാർണിവൽ നടക്കുമ്പോൾ അവിടേക്കെത്തുന്ന ഒരു പത്രക്കാരന്റെ വേഷമായിരുന്നു ഇന്നസെന്റിന്റെ കന്നിവേഷം. ഇന്നസെന്റ് എന്ന മഹാനടന്റെ സിനിമാ ജീവിതത്തിലേക്കുള്ള രംഗപ്രവേശമായിരുന്നു അത്. കഠിനമായ പരിശ്രമമാണ് ഇന്നസെന്റിനെ ഇത്ര പ്രശസ്തിയിലേക്ക് എത്തിച്ചതെന്ന് ഒരിക്കൽ മോഹൻ കൗമുദിയോട് പ്രതികരിച്ചിരുന്നു.
മോഹന്റെ ഭൂരിഭാഗം സിനിമകളിലും ഇന്നസെന്റുണ്ടായിരുന്നു. ഇളക്കങ്ങൾ എന്ന സിനിമയിൽ ഇരിങ്ങാലക്കുടക്കാരനായ കറവക്കാരൻ ദേവസിക്കുട്ടിയായി ഇന്നസെന്റ് അഭിനയിച്ചിരുന്നു. ഈ കഥാപാത്രമാണ് മോഹന് ഇഷ്ടപ്പെട്ട ഇന്നസെന്റിന്റെ കഥാപാത്രം.
ഇന്നസെന്റുമായി ചേർന്ന് കൂടി ഒരു പ്രൊഫഷണൽ നാടക ട്രൂപ്പ് രൂപീകരിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഇന്നസെന്റും തൃശൂർക്കാരൻ കൂടിയായ ഡേവിസ് കാച്ചപ്പിള്ളിയും ഒന്നിച്ചാണ് നിരവധി സിനിമകൾ നിർമ്മിച്ചത്. നിരവധി വർഷങ്ങളായി സ്വന്തം നാട് വിട്ട് മദ്രാസിലും കൊച്ചിയിലുമായിരുന്നു മോഹൻ താമസിച്ചത്. തിക്കുറിശ്ശി സുകുമാരൻ നായർ, എ.ബി. രാജ്, മധു, പി. വേണു, ഹരിഹരൻ എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.