പുലിക്കളി ലോക ശ്രദ്ധ നേടണം: സുരേഷ് ഗോപി
തൃശൂർ: തനത് മെയ്യെഴുത്ത് കലാരൂപമായ പുലികളിയെ ദേശീയ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പുലികളി സംഘങ്ങൾ സംയുക്തമായി കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകി. നിലവിൽ വൻ സാമ്പത്തിക ബാദ്ധ്യത വരുന്ന കലാരൂപത്തിന്റെ നിലനിൽപ്പിനായി കേന്ദ്ര ധനസഹായം അനുവദിക്കണമെന്നും നിവേദനത്തിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ധന സഹായം വർദ്ധിപ്പിക്കുന്നതിന് കത്ത് നൽകിയതായി മന്ത്രി അറിയിച്ചു.
കൂടാതെ തന്റെ ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനസഹായം ഈ വർഷവും നൽകുമെന്ന് സംഘങ്ങൾക്ക് സുരേഷ് ഗോപി ഉറപ്പ് നൽകി. തുടർന്ന് നടന്ന ചർച്ചയിൽ പുലികളിയെ ലോക ശ്രദ്ധ നേടുന്ന രീതിയിൽ മാറ്റിയെടുക്കുന്നതിനായുള്ള കർമ്മ പദ്ധതി തയ്യാറാക്കാനും അടുത്ത വർഷം മുതൽ കേന്ദ്ര ടൂറിസം വകുപ്പിന്റെ പിന്തുണ ലഭ്യമാക്കാനും വേണ്ട നിർദ്ദേശങ്ങൾ സുരേഷ് ഗോപി മുന്നോട്ടുവച്ചു.
സീതാറാം മിൽ ദേശം പുലികളി സംഘാടക സമിതി, യുവജന സംഘം വിയ്യൂർ, വിയ്യൂർ ദേശം പുലികളി സംഘം, ശങ്കരംകുളങ്ങര ദേശം പുലികളി ആഘോഷക്കമ്മിറ്റി, കാനാട്ടുകര ദേശം പുലികളി, ചക്കാമുക്ക് ദേശം പുലികളി , ശക്തൻ പുലികളി സംഘം, പാട്ടുരായ്ക്കൽ ദേശം കലാകായിക സാംസ്‌കാരിക സമിതി എന്നീ സംഘങ്ങളുടെ ഭാരവാഹികൾ പങ്കെടുത്തു. എ.കെ. സുരേഷ്, കെ. കേശവദാസ്, ജിതിൻ ജോസഫ്, രഘു പി.വി, അരുൺ എം.എസ്, സുരേഷ് ഒ.ജി, രാജീവ് പി, നിഖിൽ സതീശൻ എന്നിവർ നേതൃത്വം നൽകി.