തൃശൂർ: സ്ത്രീവിരുദ്ധവും സിനിമാ രംഗത്തെ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പിന് വിധേയപ്പെട്ടുമുള്ള നടപടികളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ ഇടതു സർക്കാർ തുടരുന്നതെന്നും നിരുത്തരവാദപരമായ നിലപാട് മാറ്റി നടപടി സ്വീകരിക്കണമെന്നും വിമെൻ ജസ്റ്റിസ് സംസ്ഥാന സമിതി അംഗം സുലേഖ അസീസ്. തൃശൂർ കമ്മിഷണർ ഓഫീസിലേക്കു വിമെൻ ജസ്റ്റിസ് മൂവ്‌മെന്റ് നടത്തിയ പ്രതിഷേ മാർച്ചിൽ സംസാരിക്കുകയായിരുന്നു അവർ. ലൈംഗികാതിക്രമക്കേസുകൾ ചാർജ് ചെയ്യാൻ ഇരയുടെ പരാതി ആവശ്യമില്ല. 4 വർഷം റിപ്പോർട്ട് പൂഴ്ത്തിവച്ചത് തന്നെ പ്രതികളെ രക്ഷപെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ചലച്ചിത്ര അക്കാഡമി ചെയർമാന്റെയോ അമ്മയുടെ ഭാരവാഹികളുടെയോ രാജിയിൽ പ്രശ്‌നങ്ങൾ ഒതുക്കിത്തീർക്കുകയല്ല വേണ്ടതെന്നും അവർ പറഞ്ഞു. കോർപറേഷൻ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ബി.എസ്.എൻ.എൽ ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ഫസീല ഹനീഫ്, ജില്ലാ സെക്രട്ടറി ഹയറുന്നിസ ആരിഫ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.