തൃശൂർ: ജനറൽ ആശുപത്രിയിൽ ഡയാലിസിസ് മുടങ്ങി മാസങ്ങളായിട്ടും കോർപറേഷൻ കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കൗൺസിലർ ജോൺ ഡാനിയൽ. എത്രയും പെട്ടെന്ന് പുതിയ ഡയാലിസ് യന്ത്രങ്ങൾ വാങ്ങണമെന്നും അദ്ദേഹം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. നായ ശല്യത്തിന് അറുതി വരുത്താൻ അടിയന്തര നടപടി കൈക്കൊള്ളണം. ഇക്കാര്യത്തിൽ മേയർ വ്യക്തമായ നിലപാടെടുക്കണം. കൗൺസിലർമാരെ ജനങ്ങൾക്ക് മുന്നിൽ ഇരുട്ടത്ത് നിറുത്തരുത്. ഫുട്‌ബാൾ താരം ഐ.എം. വിജയന്റെ പേരിൽ ലാലൂരിൽ നിർമ്മിക്കുന്ന സ്റ്റേഡിയം ഉദ്ഘാടനം വൈകുന്നതിന്റെ കാരണം മേയർ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. നായ, പശു തുടങ്ങിയവയുടെ സംസ്‌കാരത്തിന് ക്രിമറ്റോറിയം സ്ഥാപിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം ഉടൻ നടപ്പാക്കണമെന്നും പറഞ്ഞു.