1

തൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണവും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതികരണത്തിനുള്ള മറുപടിയും മാദ്ധ്യമ പ്രവർത്തകരോടുള്ള കേന്ദ്രമന്ത്രിയുടെ കൈയേറ്റ ശ്രമവും കത്തിക്കയറുന്നു. സുരേഷ് ഗോപിയുടെ നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മാദ്ധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയ നടപടിക്കെതിരെ വിവിധ സംഘടനകൾ രംഗത്തെത്തി. ചിലർ പ്രതിഷേധ മാർച്ച് ഉൾപ്പെടെ സംഘടിപ്പിച്ചു.

കോൺഗ്രസ്, എ.ഐ.വൈ.എഫ്, പി.ഡി.പി സംഘടനകളാണ് പരസ്യമായി രംഗത്തുവന്നത്. ഹേമ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് മുകേഷിന് അനുകൂലമായുള്ള സുരേഷ് ഗോപിയുടെ പരാമർശവും ഇത് തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രംഗത്തുവന്നതും വിവാദമായിരുന്നു. വീണ്ടും സുരേഷ് ഗോപിയുടെ പ്രതികരണം മാധ്യമപ്രവർത്തകർ തേടാനായി രാമനിലയത്തിൽ എത്തിയപ്പോഴാണ് കേന്ദ്രമന്ത്രി പ്രകോപിതനായി മാദ്ധ്യമ പ്രവർത്തകനെ പിടിച്ചു തള്ളിയത്.

അതേസമയം, വിഷയത്തിൽ ബി.ജെപി ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല. മുൻ എം.എൽ.എ അനിൽ അക്കര കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. എതാനും മണിക്കൂറുകൾക്ക് മുൻപ് വിഷയത്തിൽ സംസാരിച്ചിട്ടും വീണ്ടും മൈക്കുമായി വന്നപ്പോഴാണ് ഒഴിഞ്ഞു മാറിയതെന്നാണ് കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കൗൺസിലിൽ കോൺഗ്രസ് പ്രതിഷേധം
ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലും സുരേഷ് ഗോപി വിഷയം അലയടിച്ചു. കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് രാജൻ പല്ലന്റെ കൈവശമുണ്ടായിരുന്ന പ്രമേയം ബി.ജെ.പി പാർലിമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരി പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജോൺ ഡാനിയേൽ, സുനിൽ രാജ്, മുകേഷ് കൂളപറമ്പിൽ, സിന്ധു ആന്റോ ചാക്കോള എന്നിവർ പ്രതിഷേധവുമായെത്തി. തുടർന്ന് സുരേഷ് ഗോപിയുടെ പോസ്റ്റർ കീറി പ്രതിഷേധിച്ചു. അതേ സമയം ഭരണപക്ഷം മൗനത്തിലായിരുന്നു.

എൽ.ഡി.എഫ് പ്രതിഷേധിച്ചു
ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ തളളിമാറ്റിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നടപടിയിൽ എൽ.ഡി.എഫ് പ്രതിഷേധിച്ചു.രാജവാഴ്ചക്കാലത്തെചക്രവർത്തിയാണ് താനെന്ന ഭാവമാണ് സുരേഷ് ഗോപിയുടേതെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി. അബ്ദുൾ ഖാദർ പ്രസ്താവനയിൽ ആരോപിച്ചു.

മാപ്പ് പറയണമെന്ന് പത്രപ്രവർത്തക യൂണിയൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികരണം തേടിയെത്തിയ മാദ്ധ്യമപ്രവർത്തകരോട് അപമര്യാദയായി പെരുമാറുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്ത കേന്ദ്രമന്ത്രി സരേഷ് ഗോപി മാപ്പ് പറയണമെന്ന് കെ.യു.ഡബ്ലിയു.ജെ ജില്ലാ കമ്മിറ്റി. ജനപ്രതിനിധിയോട്, പ്രത്യേകിച്ചും കേന്ദ്രമന്ത്രി സ്ഥാനം വഹിക്കുന്ന വ്യക്തിയോട് സമകാലിക വിഷയങ്ങളിൽ പ്രതികരണം ആരാഞ്ഞ് റിപ്പോർട്ട് ചെയ്യാനുള്ള അവകാശം മാദ്ധ്യമപ്രവർത്തകർക്കുണ്ട് . ഇതിനെതിരെ ജനാധിപത്യ രീതിയിലല്ലാത്ത പ്രതികരണമാണ് ഉണ്ടായതെന്ന് ജില്ലാ പ്രസിഡന്റ് എം.ബി. ബാബുവും സെക്രട്ടറി രഞ്ജിത്ത് ബാലനും പ്രസ്താവനയിൽ പറഞ്ഞു.