കുന്നംകുളം: നഗരത്തിലെ തൃശൂർ,പട്ടാമ്പി റോഡുകളിൽ തകർന്നു വീഴാറായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ കൗൺസിൽ യോഗം പിരിച്ചുവിട്ടു. കെട്ടിടം പൊളിക്കാതിരിക്കാൻ ഉടമകൾക്ക് കോടതിയിൽ നിന്നും സ്റ്റേ ലഭിക്കാൻ ആവശ്യമായ നടപടികൾ നഗരസഭ ആസൂത്രണം ചെയ്തതായും ഇതിനു പിന്നിൽ അഴിമതിയാണെന്നും ആരോപിച്ചായിരുന്നു പ്രതിപക്ഷത്തെ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധിച്ചത്. തുടർന്ന് ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അജണ്ടകൾ പാസാക്കിയതായി പ്രഖ്യാപിച്ച് കൗൺസിൽ യോഗം പിരിച്ചുവിട്ടു. കെട്ടിടം പൊളിക്കുന്നതിന് കച്ചവടക്കാരെ ഒഴിപ്പിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പൊളിക്കുന്നതിനുള്ള തുടർ നടപടികൾ നടത്തുന്നതിനിടെ ചിലർ കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിരുന്നു. കോൺഗ്രസ് കൗൺസിലർമാരായ ബിജു സി. ബേബി, ഷാജി ആലിക്കൽ, എന്നിവരുടെ അഴിമതി ആരോപണം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ നിഷേധിച്ചു.