കൗൺസിൽ യോഗത്തിൽ എല്ലാവർക്കും ചർച്ച ചെയ്യാൻ അവസരം
തൃശൂർ: ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗൺസിൽ യോഗത്തിലെ ചർച്ചയിൽ പങ്കെടുക്കാൻ എല്ലാവർക്കും അവസരം ലഭിച്ചതോടെ പരാതികളുടെ കെട്ടഴിച്ച് കൗൺസിലർമാർ. നായ ശല്യവും റോഡുകളുടെ ശോച്യാവസ്ഥയും കുടിവെള്ള പ്രശ്‌നവും അമൃത് പദ്ധതിയും തെരുവ് വിളക്കുകളും തുടങ്ങിയ വിഷയങ്ങളുമായി കൗൺസിലർമാർ രംഗത്ത് വന്നു. പരാതികൾ ഉന്നയിക്കുന്നതിൽ ഭരണപക്ഷ കൗൺസിലർമാരും പുറകിലായിരുന്നില്ല. എം.ജി റോഡ് വികസനവും ജംഗ്ഷൻ വികസനവും 9 വർഷമായി നടപ്പാക്കാൻ സാധിച്ചിട്ടില്ലെന്നും കക്കൂസ് മാലിന്യ സംസ്‌കരണത്തിനു വേണ്ടി പൂത്തോൾ വാങ്ങിയ 12 ഏക്കർ സ്ഥലത്തിന് നൽകിയ കോടിക്കണക്കിന് രൂപ നഷ്ടമായെന്നും തണ്ണീർത്തടം 12 ഏക്കർ വാങ്ങിയതിൽ വലിയ അഴിമതിയാണെന്നും പ്രതിപക്ഷനേതാവ് രാജൻ പല്ലൻ പറഞ്ഞു.
നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിൽ കോർപറേഷൻ അലംഭാവമാണ് കാണിക്കുന്നതെന്ന് ബി.ജെ.പി പാർലിമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരി കുറ്റപ്പെടുത്തി.
ജില്ലാ ജനറൽ ആശുപത്രിയിൽ പുതിയ ഡയാലിസ് യന്ത്രങ്ങൾ വാങ്ങി സ്തംഭനം ഒഴിവാക്കണമെന്നും നായ ശല്യത്തിന് അറുതി വരുത്താൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.
അമൃത് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ മോണിറ്ററിംഗ് വേണമെന്ന് ഭരണ പക്ഷത്തെ ഷീബ ബാബു പറഞ്ഞു. റോഡുകൾ റീ ടാർ ചെയ്യാത്തത് കോർപ്പറേഷന്റെ നിരുത്തരവാദപരമായ സമീപനമാണെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു. ഇന്നലെ രാവിലെ ആരംഭിച്ച യോഗം വൈകിട്ട് നാലരയോടെയാണ് അവസാനിച്ചത്. ഉപനേതാവ് ഇ.വി. സുനിൽരാജ്, കെ.രാമനാഥൻ, ലാലി ജെയിംസ്, മുകേഷ് കൂളപറമ്പിൽ, ആൻസി ജേക്കബ്, സിന്ധു ആന്റോ, വർഗീസ് കണ്ടംകുളത്തി, കെ.സതീഷ്ചന്ദ്രൻ, രാജശ്രീ ഗോപൻ, പൂർണിമ സുരേഷ്, എൻ.പ്രസാദ്, സുകുമാരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
പൊട്ടിത്തെറിച്ച് ഡെപ്യൂട്ടി മേയർ
ഭരണകാര്യങ്ങൾ തന്നെ അറിയിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലുമായി ഡെപ്യൂട്ടി മേയർ എം.എൽ.റോസി. പുതിയ ഉദ്യോഗ്‌സഥർ ചുമതലയേൽക്കുന്ന കാര്യം പോലും അറിയുന്നില്ലെന്ന് തുറന്നടിച്ചതോടെ ഭരണപക്ഷത്തെ ബീന മുരളി രംഗത്ത് വന്നു. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളുടെ മറുപടിയല്ല ഇതെന്നും പറ്റിയില്ലെങ്കിൽ രാജിവച്ച് പോകണമെന്നും സി.പി.ഐയിലെ ബീന മുരളി പറഞ്ഞു. നേരത്തെ മേയറുടെ റഷ്യൻ യാത്രപോലും താൻ അറിഞ്ഞില്ലെന്ന ആരോപണവും എം.എൽ.റോസി ഉയർത്തിയിരുന്നു.