kadal
1

കൊടുങ്ങല്ലൂർ : ഒരു കോടി പത്ത് ലക്ഷം രൂപ ചെലവിൽ കയ്പമംഗലം നിയോജക മണ്ഡലത്തിലെ കടലോരങ്ങളിൽ താത്കാലിക സംരക്ഷണ ഭിത്തികളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. കയ്പമംഗലം മണ്ഡലത്തിലെ രൂക്ഷമായ കടലേറ്റം നടക്കുന്ന എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിലാണ് കടൽഭിത്തി തയ്യാറാക്കുന്നത്. അഴീക്കോട് ലൈറ്റ് ഹൗസ് പരിസരം, എറിയാട് പഞ്ചായത്തിലെ ഒന്നാം വാർഡ്, ശ്രീനാരായണപുരം പഞ്ചായത്തിലെ ശ്രീകൃഷ്ണ മുഖം ക്ഷേത്രത്തിന്റെയും ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയുടെയും കടലോര ഭിത്തികളുടെയും നിർമ്മാണങ്ങളാണ് നടക്കുന്നത്. എടവിലങ്ങ് കാര വാക്കടപ്പുറം, ശ്രീനാരായണപുരം പി. വെമ്പല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ജിയോബാഗ് നിർമ്മാണം പൂർത്തീകരിച്ചു. കാലവർഷക്കെടുതിയുടെ ഭാഗമായി ദുരന്ത നിവാരണ അതോറിറ്റി നടപ്പാക്കുന്ന താത്കാലിക സംരക്ഷണ ഭിത്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇ.ടി. ടൈസൺ എം.എൽ.എ വിലയിരുത്തി.

മിക്ക സമയങ്ങളിലും കടൽ പ്രക്ഷുബ്ധം

നേരത്തെ കാലവർഷങ്ങളിലാണ് കടലാക്രമണം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഏതു സമയവും കടലാക്രമണം ഉണ്ടാകുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മഴയും കാറ്റും ശക്തമാകുന്നതോടെ കടൽ മിക്ക സമയങ്ങളിലും പ്രക്ഷുബ്ധമാണ്. രൂക്ഷമായ കടലേറ്റത്തിൽ തീരവാസികളുടെ വീടിനും ജീവനും വരെ നാശമുണ്ടാകുന്നതും തുടർക്കഥയാണ്. താത്കാലിക സംരക്ഷണ ഭിത്തികൾ പര്യാപ്തമല്ലെന്നാണ് തീരദേശവാസികൾ പറയുന്നത്. കടലേറ്റം തടയുന്നതിന് പുതിയ പ്രതിരോധ പദ്ധതികൾ വേണമെന്നാണ് കടലോര വാസികൾക്കിടയിൽ നിന്നും ഉയരുന്ന ആവശ്യം. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഒരു കോടി പത്ത് ലക്ഷം രൂപ ചെലവിൽ കടൽഭിത്തി ഒരുക്കുന്നത്.

കടലോരത്ത് കരിങ്കൽ ഭിത്തി നിർമ്മാണം നടക്കുന്നുണ്ട്. തീരദേശത്തിന്റെ സമ്പൂർണ കടൽ ഭിത്തി നിർമ്മാണം എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള പരിശ്രമം തുടരും. ടെട്രാപോഡുകൾ സ്ഥാപിക്കുന്നതിനുള്ള സർക്കാർ നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്.
- ഇ.ടി. ടൈസൺ എം.എൽ.എ