ചാലക്കുടി: ആയോധന കലയിലെ അഭ്യാസമുറകൾ പയറ്റി ആളുകളെ അമ്പരിപ്പിച്ച മുരുകൻ ഗുരുക്കൾ ഇനി ഓർമ്മ. പതിറ്റാണ്ടുകളായി ചാലക്കുടിയിലെ കളരിയുടെ മുഖമായിരുന്നു റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ അന്നാട്ടുകാരൻ മുരുകൻ. ഉദ്യോഗത്തിലിരിക്കെ കൂടപ്പുഴയിൽ അദ്ദേഹം തുടക്കമിട്ട മഹാത്മ കളരി സംഘം നൂറുകണക്കിന് ശിഷ്യന്മാരെ ആയോധന മുറകളുടെ തട്ടിലെത്തിച്ചു. അരനൂറ്റാണ്ടിന്റെ പ്രവർത്തന കാലയളവിൽ ഗുരുക്കൾ എണ്ണമറ്റ പ്രതിഭകളെ വാർത്തെടുത്തു. ചെങ്ങിനമറ്റം മത്തായിയും കൂടിച്ചേർന്നായിരുന്ന കളരി സംഘത്തിന്റെ നടത്തിപ്പ്. വർഷങ്ങൾക്ക് ശേഷം തറവാട് വീടായ പുത്തുപറമ്പിലേയ്ക്ക് കളരി സംഘത്തെ പറിച്ചുനട്ടു. പിന്നീട് ഇപ്പോൾ താമസിക്കുന്ന കാട്ടൂരിലും മറ്റൊരു സംഘത്തിന് തുടക്കമിട്ടു. ഏതാനും വർഷം മുമ്പുവരെ ചാലക്കുടി അമ്പുതിരുനാളിന്റെ അവിഭാജ്യ ഘടകമായിരുന്നു മുരുകൻമത്തായി കൂട്ടുകെട്ടിന്റെ പൊതുനിരത്തിലെ കളരി പ്രകടനങ്ങൾ.
നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 72-ാം വയസിലാണ് കളരിയും അഭ്യാസ മുറകളുമില്ലാത്ത ലോകത്തേയ്ക്കുള്ള അദ്ദേഹത്തിന്റെ മടക്കം.