വടക്കാഞ്ചേരി: കോടികളുടെ കുടിശ്ശികയായി വൈദ്യുതി ബന്ധം പോലും വിച്ഛേദിക്കപ്പെട്ട് വിരുപ്പാക്ക തൃശൂർ കോ- ഓപറേറ്റീവ് സ്പിന്നിംഗ് മില്ലിന് താഴ് വീണിട്ട് രണ്ടുവർഷമാകുന്നു. അസംസ്കൃത വസ്തുവായ പഞ്ഞി കിട്ടാതെയാണ് പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള മുൻ സഹകരണ സ്ഥാപനം ലേ ഓഫിലായത്. രണ്ട് ലോഡ് പഞ്ഞി എത്തിയപ്പോൾ അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കെ. രാധാകൃഷ്ണൻ എം.പി, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ തുടങ്ങിയവർക്ക് സംയുക്ത തൊഴിലാളി യൂണിയൻ നിവേദനം നൽകിയെങ്കിലും കാര്യമുണ്ടായില്ല.
നബാർഡ് എൻ.സി.ഡി.സി വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്. സമ്പൂർണ നവീകരണത്തിന് 29.46 കോടി രൂപയാണ് വായ്പ നൽകിയത്. 2011- 13 കാലഘട്ടത്തിൽ സി.എൻ. ബാലകൃഷ്ണൻ എം.എൽ.എയും മന്ത്രിയുമായിരിക്കുമ്പോഴാണ് പദ്ധതി സമർപ്പിച്ചത്. എ.സി മൊയ്തീൻ വ്യവസായ വകുപ്പ് മന്ത്രിയായപ്പോൾ യാഥാർത്ഥ്യമായി. സി.പി.എം നേതാവ് എം.കെ. കണ്ണൻ ചെയർമാനായിരിക്കുമ്പോഴായിരുന്നു നവീകരണം. ഇത് തികച്ചും അശാസ്ത്രീയമായിരുന്നുവെന്ന് ആക്ഷേപമുണ്ട്.
2023 ഫെബ്രുവരി 6നാണ് മിൽ പൂട്ടിയത്. മറ്റൊരു ഓണക്കാലം കൂടിയെത്തുമ്പോൾ സങ്കടക്കടലിലാണ് 200 ഓളം വരുന്ന തൊഴിലാളികൾ. സംസ്ഥാന സർക്കാരിന്റെ ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയും അസ്തമിച്ചെന്ന് തൊഴിലാളികൾ പറയുന്നു.
കോടികൾ പൊടിച്ചു, എന്നിട്ടും...
സ്പിന്നിംഗ് വിഭാഗത്തിലേക്ക് എട്ട് ഓട്ടോമാറ്റിക് മെഷീനുകൾ വാങ്ങിയിരുന്നു. 1152 സ്പിൻഡിലുകളാണ് ഓരോ മെഷീനിലുമുള്ളത്. തൊഴിലാളികൾക്ക് ഒട്ടും പരിചിതമല്ലാത്ത യന്ത്രം പ്രവർത്തിപ്പിക്കുകയെന്നത് ദുഷ്‌കരമായി. സെൻസറുകൾ നിരന്തരം തകരാറിലായി. അഞ്ച് കാഡിംഗ് യന്ത്രങ്ങളും മിക്‌സർ യന്ത്രവവുമൊക്കെ ഓട്ടോമാറ്റിക് തന്നെയായിരുന്നു. വൈൻഡിംഗ് വകുപ്പിൽ അഞ്ച് കോടി രൂപ ചെലവഴിച്ച് വാങ്ങിയ രണ്ട് ഓട്ടോ കോൺ മെഷീനും പൂട്ടിക്കെട്ടി വച്ചിരിക്കുകയാണ്.
ഓണത്തിന് 2000 രൂപ ലഭിച്ചേക്കും
പൂട്ടിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് എക്‌സ്‌ഗ്രേഷ്യ ധനസഹായം അനുവദിക്കുന്നതിന്റെ ഭാഗമായി വിരുപ്പാക്ക മിൽ തൊഴിലാളികൾക്കും 2000 രൂപ ലഭിച്ചേക്കും. ഇതിനായി ബാങ്ക് വിവരം ഉൾപ്പെടെയുള്ളവ തൃശൂർ ജില്ലാലേബർ ഓഫീസറുടെ കാര്യാലയത്തിൽ എത്തിക്കണമെന്ന് വടക്കാഞ്ചേരി അസിസ്റ്റന്റ് ലേബർ ഓഫീസർ ആവശ്യപ്പെട്ടിരുന്നു.