മാള : അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽ.പി സ്‌കൂളിന് നാലാമതും കലാം വേൾഡ് റെക്കാഡ്. പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ ദേശീയ പതാക നിർമ്മിച്ചതിനാണ് ഇത്തവണ റെക്കാഡ് നേട്ടം. സുതാര്യമായ പ്ലാസ്റ്റിക് കുപ്പികളിൽ ത്രിവർണ നിറത്തിലുള്ള വെള്ളം നിറച്ചാണ് പതാകയുടെ മാതൃക നിർമ്മിച്ചത്. പരിസര ശുചീകരണത്തിന്റെ ഭാഗമായി കുട്ടികൾ ശേഖരിച്ച കുപ്പികളാണ് ഇതിന് ഉപയോഗിച്ചത്. ഒരേ വലിപ്പത്തിലുള്ള 800 കുപ്പികൾ ശേഖരിച്ച് കഴുകിത്തുടച്ച് ഉപയോഗിച്ചാണ് ത്രിവർണ പതാക നിർമ്മിച്ചത്. 70 വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്നാണ് പതാക പൂർത്തിയാക്കിയത്. മുൻവർഷങ്ങളിൽ പെൻസിൽ ഷേവിംഗ്‌സ് കൊണ്ട് നിർമ്മിച്ച ഗാന്ധിചിത്രത്തിനും റബ്ബറുകൾ കൊണ്ട് തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടനാ ആമുഖത്തിനും രണ്ട് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ് ലഭിച്ചിരുന്നു. ഉപയോഗിച്ച നോട്ടുപുസ്തകത്താളുകൾ കൊണ്ടു നിർമ്മിച്ച നെഹ്‌റു ചിത്രത്തിന് ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്‌സ് അവാർഡും അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽ.പി സ്‌കൂളിന് ലഭിച്ചിരുന്നു.