dalith

തൃശൂർ: ജാതിക്കോമരങ്ങൾക്കെതിരെ പോരാടാൻ നേതൃത്വം നൽകിയ അയ്യങ്കാളിയുടെ ജീവിതം നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമാണെന്ന് മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ ജന്മവാർഷിക ദിനാചരണം ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സതീഷ് അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി.

ഫ്യൂഡൽ സംസ്‌കാരത്തിനെതിരെ അയ്യങ്കാളി പൊരുതാനിറങ്ങിയത് സ്വന്തം അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നാണ്. ക്രൂരമായ വിവേചനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നിർബാധം നടത്തിവന്ന കാലത്ത് നീതി നിഷേധത്തിനെതിരായ അദ്ദേഹം വില്ലുവണ്ടി യാത്ര നടത്തി. പട്ടിക വിഭാഗക്കാരുടെ മക്കൾക്ക് ഒരു വർഷത്തെ സമരത്തിലൂടെ നേടിയെടുത്ത വിദ്യാലയ പ്രവേശനവുമൊക്കെ നവോത്ഥാന ചരിത്രത്തിലെ സമാനതകളില്ലാത്ത സമര മാർഗങ്ങളാണെന്നും പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട്, ദളിത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ഇ.എസ്. ബൈജു, എം.കെ. രാജേഷ്‌കുമാർ, ധന്യ ചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി. ശിവശങ്കരൻ, നേതാക്കളായ വാസു വളളാഞ്ചേരി, അപ്പു ആളൂർ, ബാബു ചെമ്പൻ, ബാലകൃഷ്ണൻ ഗുരുവായൂർ, അഡ്വ. രാജീവ് നെടുപുഴ, രമണി വാസുദേവൻ, മുൻ കൗൺസിലർമാരായ ബി. ഗീത, ബിന്ദുക്കുട്ടൻ, ഷീല ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.