തൃപ്രയാർ : നാട്ടിക പഞ്ചായത്തിലെ തകർന്നുകിടക്കുന്ന റോഡുകളുടെ നിർമ്മാണ പ്രവൃത്തികൾ ഉടൻ തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അറിയിച്ചു. 5.75 കോടി രൂപയുടെ അനുമതി ഇതിനായി ലഭ്യമായി. ജല അതോറിറ്റിയും പഞ്ചായത്തും സംയുക്തമായി എസ്റ്റിമേറ്റ് തയ്യാറാക്കി. ടെൻഡർ നടപടി പൂർത്തിയാക്കുന്ന മുറയ്ക്ക് ജോലികൾ ആരംഭിക്കും. പുതിയ തൃപ്രയാർ ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി പഴയ കെട്ടിടം പൊളിച്ചുനീക്കും. ഇതിനായുളള ടെൻഡർ നടപടി സെപ്തംബർ 10ന് നടക്കും. നാലാം വാർഡിൽ കമ്മ്യൂണിറ്റി ഹാൾ, പത്താം വാർഡിൽ എം.സി.എഫ് കെട്ടിടം, തിരുനിലം, കാക്കനാട്ട് നഗർ നവീകരണം, രാമൻകുളം നവീകരണം, ബ്‌ളാഹയിൽ കുളം, ഹാപ്പിനസ് പാർക്ക് തുടങ്ങി എതാനും പദ്ധതികളുടെ പണികൾ ഡിസംബറിനകം പൂർത്തിയാക്കുമെന്നും പ്രസിഡന്റ് പഞ്ചായത്ത് യോഗത്തിൽ അറിയിച്ചു.