news-photo-

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം റസ്റ്റ് ഹൗസിൽ മുറിയെടുക്കുന്ന ഭക്തരെ ബുദ്ധിമുട്ടിലാക്കി അനധികൃത പാർക്കിംഗ്. പാഞ്ചജന്യത്തിൽ മുറിയെടുക്കാൻ വരുന്ന ഭക്തരും വാഹനം പാർക്ക് ചെയ്യാൻ ഫീസ് നൽകണം. 30 രൂപയാണിത്. നേരത്തെ മുറിയെടുക്കുന്നവർക്ക് സൗജന്യമായിരുന്നു പാർക്കിംഗ്. അടുത്തിടെയാണ് റസ്റ്റ് ഹൗസിൽ മുറിയെടുക്കുന്നവരിൽ നിന്നും റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ വരുന്നവരിൽ നിന്നും ദേവസ്വം പാർക്കിംഗിന് ഫീസ് ഈടാക്കാൻ തുടങ്ങിയത്.

ക്ഷേത്രദർശനത്തിനായി വരുന്നവരുടെ വാഹനങ്ങളും ഫീസ് വാങ്ങി ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്. വൈകുന്നേരങ്ങളിലാണ് കൂടുതൽ പേരും മുറിയെടുക്കാനെത്തുക. അപ്പോഴേക്കും പാഞ്ചജന്യം വളപ്പിൽ ക്ഷേത്ര ദർശനത്തിന് എത്തിയവരുടെ വാഹനങ്ങൾ നിറഞ്ഞിട്ടുണ്ടാകും. പാർക്ക് ചെയ്യാൻ സ്ഥലമില്ലാതാകുന്നതോടെ മുറിയെടുക്കാൻ വന്നവരോട് മറ്റെവിടെയെങ്കിലും വാഹനം പാർക്ക് ചെയ്യാനാണ് നിർദ്ദേശിക്കുന്നത്. ഇത് തർക്കത്തിനിടയാക്കുന്നുണ്ട്.

10 രൂപയ്ക്ക് ചായ കുടിക്കാൻ 30 രൂപ ഫീസ്

മുറിയെടുക്കുന്നവർക്ക് വാഹന പാർക്കിംഗ് സൗകര്യം ഒരുക്കേണ്ടത് കെട്ടിട ഉടമയുടെ ഉത്തരവാദിത്വമാണ് എന്നിരിക്കെ ദേവസ്വം ചൂഷണം ചെയ്യുന്നുവെന്നാണ് ആക്ഷേപം. കെട്ടിടം നിർമ്മിക്കുമ്പോൾ തന്നെ പാർക്കിംഗ് സൗകര്യം കൂടി ഒരുക്കേണ്ടതുണ്ട്. വലിയ തുക ഈടാക്കിയാണ് ഇവിടെ റസ്റ്റോറന്റ് നടത്താൻ ദേവസ്വം സ്വകാര്യ വ്യക്തിക്ക് അനുമതി നൽകിയിരിക്കുന്നത്. ഇവിടെ ഭക്ഷണം കഴിക്കാൻ വരുന്നവരിൽ നിന്നു പോലും പാർക്കിംഗ് ഫീസ് ഈടാക്കാൻ തുടങ്ങിയതോടെ റസ്റ്റോറന്റ് നടത്തിപ്പുകാരും ബുദ്ധിമുട്ടിലാണ്. ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് ഹോട്ടൽ നടത്തിപ്പുകാർ പാർക്കിംഗ് ഫീസ് തിരികെ നൽകുകയാണ് ഇപ്പോൾ. ഭക്തരെ ചൂഷണം ചെയ്യുന്ന ദേവസ്വത്തിന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.