തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ചു സംസ്ഥാനത്തെ ചരക്കുവാഹന ഉടമകളും തൊഴിലാളികളും ഒക്‌ടോബർ നാലിനു പണിമുടക്കുമെന്ന് സംയുക്ത തൊഴിലാളി യൂണിയന്റെയും ഉടമകളുടെയും നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചരക്കുവാഹന മേഖലയിലെ വിഷങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരണം. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ഇതരസംസ്ഥാന ചരക്കു വാഹനങ്ങൾ കേരളത്തിലെത്തി ചരക്കു കൈമാറ്റം നടത്തുന്നത് അവസാനിപ്പിക്കണം. പല സംസ്ഥാനങ്ങളിലും വാഹന നികുതി മൂന്നിലൊന്നു മാത്രമാണ്. കേരളത്തിലെ നികുതി അയൽ സംസ്ഥാനങ്ങളുടെ വാഹന നികുതിയുമായി ഏകീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സർക്കാർ സംസ്ഥാന തലത്തിൽ രൂപീകരിച്ച ചരക്ക് വാഹന വാടക നിർണയ കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പാക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ മോട്ടോർ വാഹന ഭേദഗതി നിയമം പിൻവലിക്കുക, എഫ്.സി.ഐ ഡിപ്പോകളിൽ 40 വർഷത്തോളമായി ജോലി ചെയ്യുന്ന ആയിരേത്താളം ലോറി ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കുക, ഖനന കേന്ദ്രങ്ങളിൽ അളവുതൂക്കം നിർണയിച്ചു വാഹനങ്ങൾക്കു ജിയോളജി പാസ് നിർബന്ധമാക്കുക, അതിർത്തി ചെക്‌പോസ്റ്റുകൾ ഒഴിവാക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കുക, ഡെയിഞ്ചറസ് ആൻഡ് ഹസാർഡസ് കോഴ്‌സ് സർട്ടിഫിക്കറ്റ് പുതുക്കുന്നത് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നത് പോലെ അഞ്ചുവർഷം കാലാവധി ആക്കുക തുടങ്ങിയ ആവശ്യങ്ങളും നേതാക്കൾ ഉന്നയിച്ചു.
കൺവീനർ പി.എ. സിദ്ദിഖ്, വി.എ. ഷംസുദീൻ, മുഹമ്മദ് സിംല, അഡ്വ. പി.കെ. ജോൺ, അജി ഫ്രാൻസിസ് എന്നിവർ വർത്താസമ്മേളനത്തിൽ പങ്കെടുത്തു.