കയ്പമംഗലം : കുടിവെള്ള കിയോസ്‌കിന്റെ വാൾവിൽ നിന്നും വെള്ളം ചോർന്ന് ചാമക്കാല- ചെന്ത്രാപ്പിന്നി റോഡിൽ വെള്ളക്കെട്ട്. ഇന്റർലോക്ക് കട്ട വിരിച്ചത് അവസാനിക്കുന്നിയിടത്ത് റോഡ് കോൺക്രീറ്റ് ചെയ്ത് സ്ലോപ്പിട്ട ഭാഗത്താണ് ഇതുമൂലം കൂറ്റൻ വെള്ളക്കെട്ടുണ്ടാകുന്നത്. വെള്ളം തളം കെട്ടി നിന്ന് ഇവിടെ റോഡ് പൊളിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ടിരിക്കയാണ്. കാൽമുട്ടിന്റെ അരഭാഗം വരെ നിറയും വിധമാണ് ഇവിടുത്തെ വെള്ളക്കെട്ട്. ഇരുചക്ര വാഹന യാത്രികർക്കാണ് വെള്ളക്കെട്ട് മൂലം ഏറെദുരിതം. ഏകദേശം ഒരു വർഷം മുമ്പാണ് ഈ റോഡിൽ കുറച്ച് ഭാഗം ഫീഷറീസ് വകുപ്പിന്റെ ഒരു കോടി രൂപ ചെലവിൽ നാല് കലുങ്ക് അടക്കം പണിത് ടൈൽ വിരിച്ചത്. അതേസമയം റോഡിലെ ടൈൽ വിരിക്കാത്ത ഭാഗങ്ങളിൽ അപകടങ്ങൾ പതിവാണ്. മിക്കയിടത്തും റോഡിൽ തകർച്ച രൂക്ഷമാണ്. റോഡിൽ ഭൂരിഭാഗവും പൊട്ടിപൊളിഞ്ഞ് മെറ്റൽ ഇളകി കിടക്കുന്ന സ്ഥിതിയാണ്.
2020-21 വർഷത്തെ ജനകീയാസൂത്രണ പദ്ധതിപ്രകാരം പത്താം വാർഡിൽ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് സ്ഥാപിച്ച കിയോസ്‌കിൽ വാൾവിലെ ചോർച്ച മൂലം പ്രതിദിനം ലിറ്റർ കണക്കിന് കുടിവെള്ളമാണ് പാഴായിക്കൊണ്ടിരിക്കുന്നത്. റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് നിൽക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. വാട്ടർ കിയോസ്‌കിന്റെ ചോർച്ച തടഞ്ഞ് കുടിവെള്ളം പാഴാകുന്നത് നിറുത്തണമെന്നും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നുമാണ് ഉയരുന്ന ജനകീയാവശ്യം.
എത്രയും വേഗം കുടിവെള്ള കിയോസ്‌കിന്റെ അപാകത പരിഹരിക്കണം. റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തണം.
- എം.യു. ഉമറുൽ ഫാറൂക്ക്
(പൊതുപ്രവർത്തകൻ)
ജനങ്ങൾ പാഴാക്കിക്കളയുന്ന വെള്ളമാണ് റോഡിൽ കെട്ടി നിൽക്കുന്നത്. കുടിവെള്ള കിയോസ്‌കിന് തകരാറുള്ളതായി ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
- ടി.കെ. ചന്ദ്രബാബു
(എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ്)