വടക്കാഞ്ചേരി: കഴിഞ്ഞ മാസത്തെ കനത്ത മഴയിൽ നശിച്ച 80 കർഷകരുടെ 120 ഏക്കർ നെൽക്കൃഷി ട്രാക്ടർ ഉപയോഗിച്ച് ഉഴുതു മറിച്ച് കർഷകർ. എങ്കക്കാട് പടിഞ്ഞാറ്, എങ്കക്കാട് കിഴക്ക്, മംഗലം പാടശേഖരങ്ങളിലായി ഓണ വിപണി ലക്ഷ്യമിട്ട് ഇറക്കിയ 80 കർഷക കൂട്ടായ്മയുടെ കൃഷിയാണ് വെള്ളം കയറി നശിച്ചത്.
ഉമ നെൽവിത്ത് ഉപയോഗിച്ച് ചെയ്ത കൃഷിക്ക് അടുത്തമാസം ആദ്യം 100 മേനി വിളവാണ് കർഷകർ പ്രതീക്ഷിച്ചത്. പാടശേഖരങ്ങളിൽ ആറടി പൊക്കത്തിലാണ് വെള്ളം കയറിയത്. നെൽച്ചെടികളിലെ കതിരുകളിൽ പാല് ഉറക്കുന്ന സമയത്തായിരുന്നു പെരുമഴ.ഇതോടെ കതിരെല്ലാം പതിരായി. ഒരു ഏക്കറിൽനിന്ന് 2000 കിലോ നെല്ല് ലഭിക്കുമായിരുന്നെന്ന് കർഷകർ പറഞ്ഞു.

മുണ്ടകൻ കൃഷിയുടെ ഞാറ് നടീൽ സെപ്തംബർ 5 മുതൽ തുടങ്ങും.
നാസർ മങ്കര
എങ്കക്കാട് പടിഞ്ഞാറ് പാടശേഖര സമിതി സെക്രട്ടറി


കൃഷിനശിപ്പിക്കാനും ഭാരിച്ച ചെലവ്


മഴയിൽ നശിച്ച നെൽച്ചെടികൾ പാടശേഖരങ്ങളിൽ നിന്ന് നീക്കം ചെയ്ത് മുണ്ടകൻ കൃഷിക്ക് ഒരുക്കം നടത്താൻ കർഷകർക്ക് വരുന്നത് ഭാരിച്ച ചെലവ്. ട്രാക്ടറിന് മണിക്കൂറിന് 800 രൂപ മുതൽ 900 രൂപ വരെയാണ് നിരക്ക്. പതിരായ നെൽച്ചെടികൾനീക്കം ചെയ്യാതെ മുണ്ടകൻ കൃഷിയുടെ ഒരുക്കം സാധ്യമാകില്ല. പ്രതിസന്ധിയിൽ നിൽക്കുന്ന കർഷകരുടെ പ്രതീക്ഷ മുഴുവൻ മുണ്ടകൻ കൃഷിയിലാണ്.