halaith

തൃശൂർ: കേന്ദ്രഫണ്ട് ലഭിക്കണമെങ്കിൽ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കണമെന്ന നിർദ്ദേശം കർശനമായതോടെ നിറം മാറുകയാണ് ജില്ലയിലെ ആരോഗ്യ ഉപകേന്ദ്രങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും. 'ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ' എന്ന പേര് 'ആയുഷ്മാൻ ആരോഗ്യ മന്ദിർ' എന്നാക്കി മാറ്റാനാണ് നിർദ്ദേശം. ജില്ലയിലെ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള 550 ഓളം വരുന്ന സ്ഥാപനങ്ങളിൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 350 ഓളം കേന്ദ്രങ്ങളിൽ നിറം മാറ്റം ഉൾപ്പെടെയുള്ള രൂപമാറ്റത്തിന് തുടക്കമായി.

കഴിഞ്ഞവർഷം നിർദ്ദേശം പാലിക്കാത്തതിനെത്തുടർന്ന് പ്രതിസന്ധിയുണ്ടായിരുന്നു. ശമ്പളം വരെ കുടിശ്ശികയായി. എന്നാൽ കേന്ദ്ര നിർദ്ദേശം അംഗീകാരിക്കാമെന്ന് ഉറപ്പ് നൽകിയതോടെ ജൂലായ്, ആഗസ്റ്റ് മാസങ്ങളിലായി സംസ്ഥാനത്തിന് 104 കോടി രൂപ അനുവദിച്ചിരുന്നു. അടുത്ത ഗഡു ലഭിക്കണമെങ്കിൽ മുഴുവൻ സ്ഥാപനങ്ങളിലും നടപ്പിലാക്കി നാഷണൽ ഹെൽത്ത് മിഷന്റെ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നാണ് കർശന നിർദ്ദേശം. സെപ്തംബർ 30നകം ഇത് പൂർത്തിയാക്കണം.

നിർമ്മാണം ഇഴയുന്നു

കേന്ദ്രഫണ്ട് ലഭിക്കാതായതോടെ പുതിയ കെട്ടിടങ്ങളുടെ ഉൾപ്പെടെ നിർമ്മാണം ഇഴയുന്നു. രണ്ടുവർഷം മുമ്പ് ആരംഭിച്ച പ്രവർത്തനങ്ങൾ പോലും പലയിടത്തും പൂർത്തിയായിട്ടില്ല. ഓരോ നിർമ്മാണം നടക്കുന്നതിന്റെയും 20% പൂർത്തിയായാൽ കരാറുകാരന് തുക നൽകണം. എന്നാൽ ഇതിന് പലയിടത്തും കഴിഞ്ഞിട്ടില്ല. ഈ വർഷം മുതൽ ഫണ്ട് വരുന്നതോടെ നിർമ്മാണം അതിവേഗമാകുമെന്നാണ് കണക്കുകൂട്ടൽ.

150 എണ്ണം പൂർത്തിയായി
കേന്ദ്രനിർദ്ദേശ പ്രകാരം 150 കെട്ടിടങ്ങൾ ഇതിനകം മഞ്ഞ നിറമണിഞ്ഞു. ഇതിൽ 64 എണ്ണം കേന്ദ്ര സർക്കാരിന്റെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 200ഓളം കെട്ടിടങ്ങൾ മറ്റ് വകുപ്പുകളുടെ കീഴിലുള്ള കെട്ടിടത്തിലാണ്.

നിർദ്ദേശങ്ങൾ

മഞ്ഞ നിറത്തിൽ ആയുഷ്‌മാൻ ആരോഗ്യ മന്ദിർ എന്ന് മലയാളത്തിലും ഇംഗ്ലീഷിലും ബോർഡ് എഴുതണം.
കേരള സർക്കാർ, ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ആർദ്രം മിഷൻ എന്നിവയുടെ ലോഗോയും ബോർഡിലുണ്ടാകണം.

'ആയുഷ്മാൻ ആരോഗ്യ മന്ദിർ' എന്നതിനൊപ്പം 'ആരോഗ്യം പരമം ധനം' എന്ന ടാഗ്‌ലൈൻ ഉൾപ്പെടുത്തണം.

യോഗ, അമ്മയും കുഞ്ഞും, ബോധവത്കരണം, ടെലി മെഡിസിൻ തുടങ്ങിയ ചിത്രങ്ങളും ഉൾപ്പെടുത്തണം.

അടുത്ത ഘട്ടത്തിൽ ഗുണ നിലവാര സർട്ടിഫിക്കറ്റും
അടുത്ത വർഷം മുതൽ ഫണ്ട് ലഭ്യമാക്കണമെങ്കിൽ സ്ഥാപനത്തിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റും ലഭ്യമാക്കേണ്ടി വരും. ജനങ്ങളെ സംബന്ധിച്ച് കുറ്റമറ്റ ചികിത്സ ലഭ്യമാക്കുന്നതിന് ഇത് സഹായകരമാകുമെന്നാണ് കേന്ദ്രവിലയിരുത്തൽ.