കയ്പമംഗലം: ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി പെരിഞ്ഞനം പഞ്ചായത്തിൽ ഡിജിറ്റൽ സാക്ഷരത ക്ലാസുകൾ സംഘടിപ്പിച്ചു. പെരിഞ്ഞനം പഞ്ചായത്ത് വാർഡ് രണ്ടിലെ കുഞ്ഞുണ്ണി മാഷ് സാംസ്‌കാരിക നിലയം ഹാളിൽ സംഘടിപ്പിച്ച ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സായിദ മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷയായി. ശ്രീകുമാർ, വി.കെ. പ്രഭു, മിഥുൻ, ഖനീഷ് എന്നിവർ സംസാരിച്ചു.

വിവരശേഖരണം പൂർത്തിയായി
പെരിഞ്ഞനം പഞ്ചായത്ത് പരിധിയിലെ മുഴുവൻ പേരുടെയും വിവര ശേഖരണം നടത്തി ഡിജിറ്റൽ സാക്ഷരത ഇല്ലാത്ത 14 വയസ്സിനും 65 വയസ്സിലും ഇടയിൽ പ്രായമുള്ളവരെ കണ്ടെത്തി. ഡിജിറ്റൽ സാക്ഷരത ഇല്ലാത്ത അവർക്ക് പരിശീലനം നൽകുകയും പരിശീലനം സിദ്ധിച്ചവർ ഡിജിറ്റൽ സാക്ഷരത കൈവരിച്ചോ എന്ന് മൂല്യനിർണയം നടത്തുകയും ചെയ്യുന്ന മൂന്ന് ഘട്ടങ്ങളിലൂടെയാണ് പദ്ധതി. സ്മാർട്ട് ഫോൺ ഉപയോഗിച്ച്, അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യൽ, സോഷ്യൽ വെബ്‌സൈറ്റുകൾ, ഗൂഗിൾ സെർച്ച് വഴി വിവരങ്ങൾ, ചിത്രങ്ങൾ ശേഖരിക്കുക, ഓൺലൈനായി സർക്കാർ സേവനങ്ങൾ ഉപയോഗപ്പെടുത്തുക, ബില്ലുകൾ പേമെന്റ് നടത്തുക പോലുള്ള അടിസ്ഥാന കാര്യങ്ങൾക്കുള്ള പരിശീലനമാണ് നൽകി വരുന്നത്.