കയ്പമംഗലം : പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമീണ റോഡുകൾ തകർന്ന് തരിപ്പണമായി. റീടാറിംഗോ അറ്റകുറ്റപ്പണികളോ യഥാസമയം നടത്താത്തത് മൂലം റോഡുകളിൽ കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ദുസ്സഹമായിരിക്കയാണ്. ജലജീവൻ മിഷൻ പദ്ധതിക്കായി കുഴിയെടുത്തതും റോഡ് തകർച്ചയുടെ ആക്കം കൂട്ടി. മാടാനിക്കുളം കുരുക്കുഴി, കമ്പനിക്കടവ്, കാളമുറി തൈവെപ്പ്, വഴിയമ്പലം അഗസ്‌ത്യേശ്വപുരം, പനമ്പിക്കുന്ന് ചളിങ്ങാട് റോഡുകളെല്ലാം വർഷങ്ങളായി തകർച്ചയിലാണ്. മാടാനിക്കുളം കുരുക്കുഴി റോഡ് തകർന്നിട്ട് അഞ്ച് വർഷത്തിലേറെയായി. കഴിമ്പ്രം, കുരിക്കുഴി, കയ്പമംഗലം ബീച്ച് ഫിഷറീസ് സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികൾ കടന്നുപോകുന്നതും ഈ ദുരിത വഴിയിലൂടെ തന്നെ. ഇരുചക്ര വാഹനയാത്രികരും സൈക്കിൾ യാത്രികരും റോഡിലെ കുഴിയിൽ വീണ് പരിക്കേൽക്കുന്നത് പതിവാണ്. അടുത്തിടെ രണ്ട് ബൈക്ക് യാത്രക്കാർക്കാണ് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റത്. കുരിക്കുഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് രോഗികൾ ഉൾപ്പടെയുള്ളവർ എത്തുന്നതും ഈ വഴിയിലൂടെയാണ്. അയിരൂർ മഹാവിഷ്ണു ക്ഷേത്രത്തിലേക്കെത്താനും തീരദേശപാതയായ ടിപ്പു സുൽത്താൻ റോഡിലേക്ക് കടക്കാനുമുള്ള വഴി കൂടിയാണിത്. റോഡ് അറ്റകുറ്റപ്പണിക്ക് ഫണ്ട് പാസായെങ്കിലും യാതൊന്നുമുണ്ടായിട്ടില്ല. റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് ഉയരുന്ന ജനകീയാവശ്യം. അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയ്യാറാകാത്തപക്ഷം റോഡ് തടഞ്ഞുള്ള സമരങ്ങൾക്ക് നേതൃത്വം നൽകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.
പഞ്ചായത്ത് പരിധിയിലെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണികൾക്കായി 14 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജലജീവൻ മിഷൻ പദ്ധതിക്ക് പൈപ്പിടുന്നതിനായാണ് റോഡ് പലയിടത്തും പൊളിച്ചത്. അതുപ്രകാരം റോഡ് പുനരുദ്ധാരണത്തിനായി ജല അതോറിറ്റി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ചില ഭാഗങ്ങളിൽ റോഡ് അറ്റകുറ്റപ്പണി പൂർത്തിയായി. അവശേഷിക്കുന്ന ഭാഗങ്ങളിൽ ഓണത്തിന് മുമ്പായി നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കും.
- ശോഭന രവി
(കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ്)