തൃശൂർ: റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കോർപറേഷൻ പരിധിയിൽ ജലസമൃദ്ധമായത് നാലു കുളങ്ങൾ.
മണ്ണ് പര്യവേക്ഷണ,മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് കോർപറേഷൻ പരിധിയിലെ 2,9, 16,55 ഡിവിഷനുകളിലെ സീതാറാം മിൽ കുളം, തേൻകുളങ്ങര ദേവീക്ഷേത്രകുളം,പനഞ്ചകം ചിറ, മണത്തിട്ട വിഷ്ണു ക്ഷേത്ര കുളം എന്നിവ കോടികൾ ചെലവഴിച്ച് നവീകരിച്ചത്. നാലു കുളങ്ങൾക്കായി 4.97 കോടി രൂപയാണ് ചിലവഴിച്ചത്. മാലിന്യങ്ങൾ നിറഞ്ഞ് നശിച്ച കുളങ്ങളാണ് നവീകരിച്ചത്. കുളങ്ങളുടെ സമർപ്പണം നാളെ രാവിലെ 11 ന് എവന്നൂർ തേൻകുളങ്ങര ദേവിക്ഷേത്ര കുളപരിസരത്ത് നടക്കും. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, മുൻ മന്ത്രി വി.എസ്.സുനിൽകുമാർ എന്നിവർ പങ്കെടുക്കും.
മണത്തിട്ട വിഷ്ണുക്ഷേത്രകുളം
അയ്യന്തോൾ ഗ്രൗണ്ടിന് സമീത്തെ ശോച്യവസ്ഥയിലായിരുന്ന കുളം പാർശ്വഭിത്തി കെട്ടി ആഴം കൂട്ടി പടവുകളും കെട്ടി 44.09 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിക്കാവുന്നതിന് ഒപ്പം നിരവധി കുട്ടികൾക്ക് നിന്തൽ പഠിക്കാനും ഉപകാരപ്രദമായി കുളം.
സീതാറാം മിൽ കുളം
നാൽപ്പത് വർഷമായി ഉപയോഗശൂന്യമായി കിടന്നിരുന്ന മാലിന്യങ്ങൾ നിറഞ്ഞ കുളമായിരുന്നു സീതാറാം മിൽ കുളം. 5400 ഘനമീറ്റർ സംഭരണ ശേഷി ഉണ്ടായിരുന്നത് 8100 ഘൻമീറ്ററാക്കി ഉയർത്തി. 2.20 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.
തേൻ കുളങ്ങര ക്ഷേത്രകുളം
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കിഴീലുള്ള മലിന്യം നിറഞ്ഞ ഏവന്നൂർ തേൻകുളങ്ങര ക്ഷേത്രകുളം പ്രദേശത്തെ മികച്ച ജലസംഭരണ ശേഷിയുള്ള കുളമാക്കി. 63.89 ലക്ഷം രൂപ അടങ്കൽ തുകയുള്ള പദ്ധതിയിൽ ഇതുവരെ 59.90 ലക്ഷം രൂപ ചെലവഴിച്ചു. 3800 ഘനമീറ്റ സംഭരണ ശേഷി 8000 ഘനമീറ്ററായി ഉയർത്തി.
പനഞ്ചകം ചിറ
നെട്ടിശേരി ഡിവിഷനിൽ ഉൾപ്പെടുന്ന പനഞ്ചകം ചിറ 1.86 കോടി ചെലവഴിച്ചാണ് നവീകരിച്ചത്. പാർശ്വഭിത്തി കെട്ടി പടവുകൾ നിർമ്മിച്ച് ചുറ്റും നടപ്പാത ടൈൽ വിരിച്ച് മനോഹരമാക്കി. 1500 ഘനമീറ്ററുണ്ടായത് 23000 ഘനമീറ്ററാക്കി. 150 ഹെക്ടർ നെൽപ്പാടത്തിനാവശ്യമായ ജലലഭ്യത ഉറപ്പു വരുത്താനും സാധിച്ചു.
വേണം പരിപാലനം
കോടികൾ ചെലവഴിച്ച് നവീകരിച്ച കുളങ്ങളുടെ പരിപാലനത്തിന് ബന്ധപ്പെട്ടവർ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്ന് ആക്ഷേപം. നിർമ്മാണം പൂർത്തിയായി നാളുകളായിട്ടും ഔദ്യോഗിക ഉദ്ഘാടനം മാത്രമാണ് നാളെ നടക്കുന്നത്. പരിപാലനത്തിന് കുളത്തിന്റെ ഗുണം ലഭിക്കുന്നവരും അതോടൊപ്പം കൊച്ചിൻ ദേവസ്വം ബോർഡും കോർപറേഷനും രംഗത്ത് വരണമെന്നാണ് നാട്ടുകാർ പറയുന്നത്.