trayel
പുഴക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഉദ്ഘാടനം നാളെ

മുതുവറ: പുഴയ്ക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഉദ്ഘാടനം നാളെ. നിർമ്മാണം പൂർത്തിയായ റഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടറുകളുടെ ട്രയൽ റൺ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ വിജയകരമായി പൂർത്തിയാക്കി. നാളെ ഉച്ചതിരിഞ്ഞ് 3.30ന് നടക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. കെ. രാധാകൃഷ്ണൻ എം.പി. മുഖ്യാതിഥിയാകും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് ജന പ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ സംസ്ഥാന കൃഷി വകുപ്പ് 1.57 കോടി രൂപ അനുവദിച്ചിരുന്നു. പിന്നീട് മെക്കാനിക്കൽ പ്രവൃത്തികൾക്കായി അനുവദിച്ച 70 ലക്ഷം രൂപയും ഉൾപ്പെടുത്തിയാണ് പണി പൂർത്തിയാക്കിയത്.


വെള്ളക്കെട്ടിന് ആശ്വാസം
പുഴയ്ക്കലിലെ പുഴ കെ.എൽ.ഡി.സി കനാലുമായി ചേരുന്ന ഭാഗത്തെ ബണ്ട് മൂലം വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ട് അടാട്ട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം പൂർത്തിയായതോടെ വെള്ളപ്പൊക്കത്തിന് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികൾ. വെള്ളക്കെട്ടിന് പരിഹാരമായി വലതു ബണ്ടിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കണമെന്നത് നിയമസഭയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ സബ്മിഷൻ വഴി ആവശ്യപ്പെടുകയായിരുന്നു.