c
പല്ലിശ്ശേരി-കണ്ഠേശ്വരം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് തടഞ്ഞ് നടത്തിയ സമരം.

ചേർപ്പ് : തകർന്ന് തോടിന് സമാനമായ പല്ലിശ്ശേരി -കണ്‌ഠേശ്വരം- പള്ളി റോഡ് അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഗതാഗതം തടസ്സപ്പെടുത്തി. പല്ലിശ്ശേരി സെന്ററിലാണ് വല്ലച്ചിറ പഞ്ചായത്തിലെ എട്ട്, ഒമ്പത് വാർഡുകളിലെ മെമ്പർമാരായ കെ. രവീന്ദ്രനാഥ്, ബെന്നി തെക്കിനിയത്ത് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ അര മണിക്കൂറോളം ഗതാഗതം തടഞ്ഞത്. കഴിഞ്ഞ ഡിസംബർ മുതൽ തകർന്നു കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കാൻ വല്ലച്ചിറ പഞ്ചായത്ത്, പി.ഡബ്ലിയു.ഡി, എം.എൽ.എ, കളക്ടർ, ആർ.ടി.ഒ തുടങ്ങിയവർക്ക് നിവേദനം നൽകിയിട്ടും നടപടിയൊന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എട്ടാംവാർഡ് മെമ്പർ കെ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പൊലീസെത്തിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.

കുഴിയെടുത്തത് വിനയായി
കഴിഞ്ഞ ഡിസംബറിൽ ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി കുഴിയെടുത്തതോടെയാണ് റോഡിന്റെ തകർച്ച തുടങ്ങിയത്. പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും കുഴി മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തത്. ആ ഭാഗം ടാറിംഗ് നടത്താത്തിനാൽ അവിടെ വാഹനം താഴുന്നത് പതിവായി. പൊടിശല്യവും രൂക്ഷമായിരുന്നു. ഇതിനിടെ പൂച്ചന്നിപ്പാടം മുതൽ രാജ കമ്പനി വരെയുള്ള റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഊരകത്ത് നിന്നും ഈ റോഡിലൂടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു. ബസ്, ലോറി ഉൾപ്പടെ നിരവധി വാഹനങ്ങൾ ഇതിലൂടെ കടന്നുപോകാൻ തുടങ്ങിയതോടെ റോഡിന്റെ അവസ്ഥ തീർത്തും പരിതാപകരമായി. പല്ലിശ്ശേരി പള്ളിക്കു സമീപത്തെ പാലം തകരുകയും കെ.എസ്.ടി.പി പുതിയ പാലം പണിയുകയും ചെയ്തു. മഴ ശക്തമായതോടെ റോഡിലൂടെ കാൽനട യാത്ര പോലും സാധിക്കാത്ത അവസ്ഥയായി.