ഭിന്നശേഷി വിദ്യാർത്ഥികളുമായി കളക്ടറുടെ മുഖാമുഖം
തൃശൂർ: 'ഞങ്ങൾ നട്ട ചെണ്ടുമല്ലി തൈകൾ മൊട്ടിട്ടുണ്ട്, വിളവെടുപ്പിന് വരണം.' എത്താമെന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ. തളിർ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികൾക്ക് ആവേശമായി. കളക്ടറുടെ മുഖാമുഖത്തിലാണ് അവർ ആവശ്യം ഉന്നയിച്ചത്. വേലൂർ തളിർ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ ഭിന്നശേഷിക്കാരായ 21 പേരാണ് അതിഥികളായെത്തിയത്.
ഓണവിപണി ലക്ഷ്യമിട്ട് 20 സെന്റിൽ നട്ട 180 ചെണ്ടുമല്ലി തൈകളാണ് മൊട്ടിട്ടത്. കളക്ടർക്ക് കുട്ടികൾ നിർമ്മിച്ച നറുനീണ്ടി സ്‌ക്വാഷും നൽകി. സംസ്ഥാന ബഡ്‌സ് കലോത്സവത്തിൽ വിജയിയായ ടി.എസ്. വൈദേഹി നാടോടിനൃത്തച്ചുവട് വച്ചപ്പോൾ കിരണും സോഫിയയും പാട്ട് പാടി. കിരൺ വരച്ച ചിത്രവും സമ്മാനിച്ചു. സംഘത്തിന് വാഴാനി ഡാം സൗജന്യമായി സന്ദർശിക്കാൻ അവസരവും ലഭിച്ചു.
ഭിന്നശേഷി സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതിലെ കാലതാമസം അറിയിച്ചപ്പോൾ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കളക്ടർ നിർദേശം നൽകി. 18 വയസിന് മുകളിലുള്ള ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ പരിപാലനം, സ്വാശ്രയ ജീവിത നൈപുണ്യ പരിശീലനം, തൊഴിൽ പുനരധിവാസം എന്നിവയാണ് റീഹാബിലിറ്റേഷൻ സെന്റർ ലക്ഷ്യമിടുന്നത്. എൽ.ഇ.ഡി ബൽബ്, ആഭരണ നിർമ്മാണം, ഭക്ഷ്യോത്പാദനം തുടങ്ങിയ മേഖലകളിൽ പരിശീലനവും നൽകുന്നു.