police

കയ്പമംഗലം: സ്‌കൂൾ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഉസ്താദ് ഒളിവിലെന്ന് പൊലീസ്. കയ്പമംഗലം എം.ഐ.സി സ്‌കൂളിലെ പ്രധാനദ്ധ്യാപകനായ ഉസ്താദ് അസർ ആണ് ഒളിവിൽ കഴിയുന്നത്. രണ്ടാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനിയെ ഇയാൾ സ്‌കൂളിൽ വച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവശയായി ഹോസ്റ്റലിലെത്തിയ വിദ്യാർത്ഥിനി വിവരം മാതാപിതാക്കളെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ചൈൽഡ്‌ലൈനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. തുടർന്ന് പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കയ്പമംഗലം പൊലീസ് കേസെടുത്തു. അതേസമയം പ്രതിയായ ഉസ്താദ് അസർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. പ്രതി ഒളിവിലാണെന്നും ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും അന്വേഷണം ത്വരിതഗതിയിൽ നടക്കുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. മാനഭംഗം നടന്ന് രണ്ടാഴ്ചയിലേറെയായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്.