case

തൃശൂർ: മാർഗതടസം സൃഷ്ടിച്ചെന്നാരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ പരാതിയിൽ മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു. റിപ്പോർട്ടർ, മനോരമ, മീഡിയ വൺ ചാനലുകളുടെ റിപ്പോർട്ടർമാർക്കും, ക്യാമറമാൻമാർക്കും മറ്റൊരു കൂട്ടം മാദ്ധ്യമ പ്രവർത്തകർക്കുമെതിരെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിത 329(3) (മൂന്നു മാസം തടവോ, അയ്യായിരം രൂപ പിഴയോ), 126(2) (ഒരു മാസം തടവും അയ്യായിരം രൂപ പിഴയും), 132 (രണ്ട് വർഷം തടവും പിഴയും) എന്നിവ ചേർത്ത് ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്.
ഔദ്യോഗിക സന്ദർശനത്തിനിടെ വിശ്രമത്തിനായി രാമനിലയത്തിലെത്തി പുറത്തിറങ്ങുമ്പോൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാറിൽ കയറാൻ അനുവദിക്കാതെ തടയുകയും, സുരക്ഷാ ഉദ്യോഗസ്ഥനായ വിഷ്ണുരാജിനെ ഭീഷണപ്പെടുത്തി തള്ളിമാറ്റുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.


അനിൽ അക്കരയുടെ

മൊഴിയെടുത്തു
മാദ്ധ്യമപ്രവർത്തകരെ സുരേഷ് ഗോപി തള്ളിമാറ്റിയ സംഭവത്തിൽ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര നൽകിയ പരാതിയിൽ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. തൃശൂർ എ.സി.പി സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിലാണ് ഇന്നലെ മൊഴിയെടുത്തത്.