sn-puram
1

കൊടുങ്ങല്ലൂർ : പോഴങ്കാവ് വെസ്റ്റ് എരുമത്തിരുത്തി സുബ്രഹ്മണ്യന്റെ വീട്ടുവളപ്പിലെ തരിശ് ഭൂമിയിൽ ഔഷധക്കൃഷിക്ക് തുടക്കമിട്ട് ശ്രീനാരായണപുരം പഞ്ചായത്ത്. പഞ്ചായത്ത്തല നടീൽ ഉത്സവം മൂന്നാംവാർഡിൽ പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ കെ.എ. അയൂബ് അദ്ധ്യക്ഷനായി. മതിലകം പഞ്ചായത്ത് 16-ാം വാർഡ് മെമ്പർ ഇ.കെ. ബിജു മുഖ്യാതിഥിയായി. കെ.ആർ. രാജേഷ്, സി.സി. ജയ, മിനി പ്രദീപ്, ഇബ്രാഹിംകുട്ടി, ഡോ. അമിതാഭ് ബച്ചൻ, ഇ.ആർ. രേഖ, എൻ.എം. ശ്യാംലി, രാജീവ് പനങ്ങാട്ട്, വിശ്വനാഥൻ വാഴൂർ, ജോഷിചാലുള്ളി, ടി.കെ. വരുണൻ തുടങ്ങിയവർ സംസാരിച്ചു.

ആദ്യം മൂന്നേക്കറിൽ കുറുന്തോട്ടി
കറ്റാർവാഴ, കച്ചോലം, കൂവ, കുറുന്തോട്ടി എന്നീ ഔഷധസസ്യങ്ങളാണ് കൃഷി ചെയ്യുക. ആദ്യഘട്ടമെന്നോണം മൂന്ന് ഏക്കർ തരിശുസ്ഥലത്ത് കുറുന്തോട്ടി നടും. മതിലകം പഞ്ചായത്ത് 16-ാം വാർഡ് മെമ്പർ ഇ.കെ. ബിജുവാണ് പദ്ധതിക്കാവശ്യമായ മാർഗനിർദ്ദേശങ്ങളും കൃഷിക്കാവശ്യമായ കുറുന്തോട്ടി തൈകളും സൗജന്യമായി നൽകിയത്. പഞ്ചായത്തും ജൈവവൈവിദ്ധ്യ പരിപാലന സമിതിയും സംയുക്തമായി പഞ്ചായത്ത് പ്രദേശത്തെ തരിശുഭൂമികൾ ഉപയോഗപ്പെടുത്തിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഔഷധ സസ്യക്കൃഷിയുടെ വ്യാപനവും വിപണനം നടപ്പാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം തൊഴിലാളികൾക്ക് വേറിട്ടൊരു വരുമാന മാർഗവും ഇതിലൂടെ ലക്ഷ്യമിടുന്നു.