തൃശൂർ: ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിനു പുറമെ സിനിമാ മേഖലയിൽ പലരും നൽകിയ മൊഴി നൽകിയിട്ടും ഉണ്ടായിട്ടും കേസെടുക്കാത്തത് ദുരൂഹമാണെന്ന് ടി.എൻ പ്രതാപൻ എം.പി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുൻനിറുത്തി ജില്ലാ കോൺഗ്രസ് കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീപക്ഷ സർക്കാരാണെന്ന് മേനി നടിക്കുന്നവർ യഥാർത്ഥത്തിൽ സ്ത്രീവിരുദ്ധരായി മാറുകയുമാണ്. റിപ്പോർട്ട് പുറത്തു വന്ന ശേഷം പലരും ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തുന്നുണ്ട്. അവരിൽ ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർ ഉണ്ടാകണമെന്നില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ച് തയ്യാറാക്കപ്പെട്ട റിപ്പോർട്ട് ഇപ്പോഴും കോൾഡ് സ്റ്റോറേജിലാണ്. ഇതിനു വേണ്ടിയാണോ ഒരു റിട്ട. ഹൈക്കോടതി ജഡ്ജിയെ അദ്ധ്യക്ഷയാക്കി ഒരു അന്വേഷണ റിപ്പോർട്ട് സർക്കാർ തയ്യാറാക്കിയതെന്നും പ്രതാപൻ ചോദിച്ചു.
റിപ്പോർട്ട് പുറത്തു വന്നശേഷം ആരോപണങ്ങളും നിഷേധങ്ങളും മാത്രമാണ് കേരളം കാണുന്നത്. അത്തരം പുകമറകൾ കൊണ്ട് സിനിമാ മേഖലയിൽ വനിതകൾ അനുഭവിച്ച യാതനകളെ പാർശ്വപത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതാപൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പി അദ്ധ്യക്ഷനായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ജോസ് വള്ളൂർ, എം.പി. വിൻസെന്റ്, അനിൽ അക്കരെ, ഒ. അബ്ദുൽ റഹ്മാൻകുട്ടി, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുത്തു.