കൊടുങ്ങല്ലൂർ : നിർമ്മാണം നടക്കുന്ന വീടുകളിൽ നിന്ന് ഇലക്ട്രിക്കൽ വയറുകൾ മോഷ്ടിക്കുന്നത് പതിവാകുമ്പോഴും പൊലീസ് അന്വേഷണം കാര്യക്ഷമമായ രീതിയിൽ നടക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ഒരു മാസത്തിനിടെ മേഖലയിൽ ഏഴോളം വീടുകളിലാണ് മോഷണം നടന്നത്. ഇന്നലെ എരിശ്ശേരി പാലത്ത് നിർമ്മാണം നടക്കുന്ന വീട്ടിലാണ് ഒടുവിലത്തെ മോഷണമുണ്ടായത്. കഴിഞ്ഞ ദിവസം മാടവന പി.എസ്.എൻ കവല ഉള്ളിശ്ശേരി നിസാറിന്റെ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്ന് അരലക്ഷം രൂപയുടെ വയർ മോഷണം പോയിരുന്നു. സ്വിച്ച് ബോർഡിന്റെ ഉള്ളിൽ നിന്നും വയർ വലിച്ചെടുത്ത നിലയിലായിരുന്നു. എറിയാട് പഞ്ചായത്തിലെ യൂബസാറിന് തെക്കുവശം കറുകപ്പാടത്ത് ഇബ്രാഹിം, സമീപത്തെ പ്രവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്, എറിയാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനരികിൽ കുന്നത്ത് ഹൈദ്രോസ്, അഴിക്കോട് ചൈതന്യ നഗറിൽ ഷെമീറിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട് തുടങ്ങിയവിടങ്ങളിൽ നിന്നാണ് ഇലക്ട്രിക്കൽ വയറുകൾ മോഷണം പോയത്. നിർമ്മാണത്തിലിരിക്കുന്ന വീടുകൾക്ക് താത്കാലിക വാതിലുകൾ സ്ഥാപിക്കുന്നത് മോഷ്ടാക്കൾക്ക് സഹായകമാകുന്നുണ്ട്. ഒന്നിലധികം പേർ ചേർന്നാണ് മോഷണം നടത്തുന്നതെന്നും സംശയിക്കുന്നു. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും കാര്യമായ രീതിയിൽ അന്വേഷണം ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ജനങ്ങൾക്കിടയിലുണ്ട്.

സി.സി.ടി.വി ക്യാമറയിൽ ദൃശ്യം
എരിശ്ശേരി പാലം പണിക്കശ്ശേരി മുഹമ്മദിന്റെ വീട്ടിൽ നിന്നുമാണ് ഇന്നലെ ഒന്നരലക്ഷം രൂപയുടെ വയർ മോഷ്ടിച്ചത്. സി.സി.ടി.വി ക്യാമറയിൽ സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മുഖം മറച്ചാണ് മോഷ്ടാവ് എത്തിയിട്ടുള്ളത്. ഒന്നരമാസം മുമ്പ് ഇവിടെ നിന്നും രണ്ട് ലക്ഷത്തോളം രൂപയുടെ ഇലക്ട്രിക്കൽ വയറുകൾ മോഷണം പോയിരുന്നു. ട്രോളിയും മറ്റ് നിരവധി പണി ഉപകരണങ്ങളും മോഷണം പോയിരുന്നെങ്കിലും പരാതിപ്പെടാൻ തുനിയാതെ വീട്ടുടമ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു.