തൃശൂർ : ദിവാൻജി മൂലയിലെ സമൂഹ വിരുദ്ധരുടെ ശല്യം തടയുന്നതിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനുമായി സിറ്റി പൊലീസ് രംഗത്ത് . സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ യോഗം വിളിച്ച് നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. ഒരാഴ്ച മുൻപ് തൃശൂർ അസിസ്റ്റന്റ് കമ്മിഷണർ സലീഷ് ശങ്കരൻ ദിവാൻജി മൂല നഗർ സന്ദർശിച്ച് പ്രദേശത്ത് സമൂഹ വിരുദ്ധരുടെ കേന്ദ്രങ്ങൾ കണ്ടെത്തിയിരുന്നു. യോഗം കമ്മിഷണർ ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്തു. എ.സി.പി: എൻ.എസ്. സലീഷ് ശങ്കരൻ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ സതീഷ്, വെസ്റ്റ് സി.ഐ: ലാൽകുമാർ, എക്‌സൈസ് ഇൻസ്‌പെകടർ റിന്റോ, അശോക് കുമാർ എന്നിവർ സംസാരിച്ചു. വില്ലേജ് ഓഫീസർ. കോർപറേഷൻ ഹെൽത്ത് വിഭാഗം, ജനറൽ വിഭാഗം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.