വടക്കാഞ്ചേരി: 10 കോടി രൂപയുടെ നവീകരണ പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങുമ്പോൾ പ്രളയ ഭീതിയിൽ വടക്കാഞ്ചേരി.
നഗര ഹൃദയത്തിലൂടെ ഒഴുകുന്ന വാഴാനി പുഴയിലെ ഒഴുക്ക് തടസപ്പെടുത്തി കൈയേറ്റങ്ങളും കാട്ടുപൊന്തകളും ഇപ്പോഴും നിലകൊള്ളുകയാണ്. കഴിഞ്ഞ മാസത്തെ കനത്ത മഴയിൽ വടക്കാഞ്ചേരിയെ മുക്കിയത് പുഴയിലെ വെള്ളപ്പൊക്കമാണ്. വീണ്ടും മഴ ശക്തമായാൽ സ്ഥിതി മോശമാകും. പുഴയുടെ സമഗ്ര വികസനത്തിനായി 10 കോടിയുടെ ഡെവലപ്പ്‌മെന്റ് പ്ലാൻ ഫോർ വടക്കാഞ്ചേരി റിവർ ഫെയ്‌സ് എന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ട് ഒരു വർഷം പിന്നിട്ടു. വടക്കാഞ്ചേരി, തെക്കുംകര പ്രദേശത്തെ സമഗ്രകാർഷിക വികസനം, വെള്ളക്കെട്ട് ഒഴിവാക്കൽ, പുഴയുടെ സ്വഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കൽ, തീരശോഷണം തടയൽ, പുഴ-തട ടൂറിസവികസനം എന്നിവയാണ് ലക്ഷ്യം. പദ്ധതി യാഥാർത്ഥ്യമാക്കി പ്രദേശത്തെ പ്രളയ ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പദ്ധതിയിൽ സമഗ്ര വികസനം

*തലപ്പിള്ളി താലൂക്കിൽ 3560 ഹെക്ടർ ഭൂമിയിൽ ജലസേചനം
* വാഴാനി ഡാം മുതൽ കാഞ്ഞിരക്കോട് വരെ 20 കിലോമീറ്ററിൽ വികസനം.
*8 കിലോമീറ്ററിൽ പ്രളയാനന്തരം അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കും
*4.5 കിലോമീറ്റർ സംരക്ഷണ ഭിത്തി നിർമ്മാണം
* 5 സ്ഥലത്ത് നടപ്പാത നിർമ്മാണം
* അഞ്ച് കുളി കടവ് നിർമ്മാണം
* പട്ടിയാംകുന്നിൽ ട്രാക്ടർ വേ
*അകമല തോടിലെ പ്രളയാവശിഷ്ടങ്ങൾ നീക്കും


പുഴയിൽ മണൽത്തിട്ട: കുത്തിയിരുന്ന് പ്രതിഷേധം


വടക്കാഞ്ചേരി: വടക്കാഞ്ചേരിയെ മുക്കിയ പുഴയിൽ രൂപപ്പെട്ട മണൽത്തിട്ടകളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് പരിസ്ഥിതി സംഘടനയായ ജനനി പ്രവർത്തകർ. പുഴയുടെ സുഗമമായ ഒഴുക്ക് തടസപ്പെട്ടതായും മഴ കനത്താൽ വീണ്ടും പ്രളയം ഉണ്ടാകുമെന്നും ജനനി പ്രസിഡന്റ് വി. അനിരുദ്ധൻ പറഞ്ഞു. പ്രളയത്തെ തുടർന്ന് ഭാഗികമായി തകർന്ന കുമ്മായ ചിറ പൊളിച്ചു നീക്കി റഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഭാരവാഹികളായ തങ്കച്ചൻ, സുബ്രഹ്മണ്യൻ നേതൃത്വം നൽകി.