jathi
1

മാള: ജാതിക്കൃഷി വിപുലമായി നടക്കുന്ന അന്നമനട, കൂഴൂർ, പുത്തൻചിറ, മാള പഞ്ചായത്തുകളിൽ ജാതി മരങ്ങൾ ഉണങ്ങുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. അന്നമനട പഞ്ചായത്തിലെ കർഷകനായ ആലത്തൂരിലെ അനിൽ ബാബുവിന്റെ 20 ൽപരം മരങ്ങളാണ് ഫംഗസും ഉണങ്ങലും കാരണം ഈ കൊല്ലം വെട്ടിനീക്കിയത്. പലരും ജാതിക്കൃഷി അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. പുഴയുടെ വശങ്ങളിലുള്ള തോപ്പുകളിലായിരുന്നു മുൻകാലങ്ങളിൽ ജാതിക്കൃഷി നടത്തിയിരുന്നത്. അന്നെല്ലാം വിളവെടുപ്പിന് മാത്രമേ മരങ്ങളുടെ അടുത്തേക്ക് പോകേണ്ട ആവശ്യം ഉണ്ടായിരുന്നുള്ളൂ. നല്ല വരുമാനവും കിട്ടുമായിരുന്നു. തെങ്ങിന് കാറ്റ് വീഴ്ചയും മഞ്ഞപ്പും വന്നതോടെ തെങ്ങിൻ പറമ്പുകളിലും ജാതിക്കൃഷി വ്യാപകമായി. 2018 ലെ പ്രളയം വരെ ജാതിക്കൃഷിയിൽ നിന്നും നല്ല രീതിയിലുള്ള കായ് ഫലം കർഷകർക്ക് ലഭിച്ചിരുന്നു. അതിനുശേഷം മണ്ണിന്റെ ഘടനയിൽ വന്ന വ്യത്യാസം മൂലം കായയുടെ എണ്ണവും വലിപ്പവും പരിപ്പിന്റെ തൂക്കവും കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും അമിതമായ ചൂടും അതിവർഷവും ജാതിക്കൃഷിയെ ദോഷകരമായി ബാധിച്ചു. മൂന്നുവർഷമായി ജാതിക്കയുടെ വില ഉയരാത്തതും കർഷകന് തിരിച്ചടിയായി.

ഉണങ്ങലിന് കാരണം ഫംഗസ് രോഗം

മഴക്കാലത്തെ ഫംഗസ് രോഗമാണ് ജാതിമരങ്ങളിലെ ഇലകൊഴിച്ചിലിനും ഉണങ്ങലിനും കാരണമെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. മഴയ്ക്ക് മുമ്പ് മേയ് മാസത്തിലും ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലും 1% വീര്യമുള്ള ബോർഡോ മിശ്രിതം തെളിക്കുന്നതാണ് പ്രതിവിധി. മരുന്നു തെളിക്കൽ പ്രായോഗികമായി കൃഷിക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രത്യേകിച്ച് വലിയ മരങ്ങളിൽ. ഒരു പ്രദേശത്തെ കർഷകരെല്ലാം മരുന്ന് തെളിക്കാൻ തയ്യാറായാൽ മാത്രമേ ആ പ്രതിരോധം സാദ്ധ്യമാകൂ. ജാതിമരങ്ങളുടെ ചുവട്ടിൽ വീഴുന്ന ഇലകളും ശിഖരങ്ങളും സമയാസമയം നീക്കം ചെയ്യുകയും വേണം. തോട്ടങ്ങളിൽ സൂര്യപ്രകാശം കിട്ടാവുന്ന രീതിയിൽ തണൽ ക്രമീകരിക്കുകയും വേണം.