വടക്കാഞ്ചേരി: നിർദ്ദിഷ്ട വടക്കാഞ്ചേരി ബൈപ്പാസ് നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് റെയിൽവേ മേൽപ്പാലത്തിന്റെ ജനറൽ അറേഞ്ച്‌മെന്റ് ഡ്രോയിംഗ് (ജി. എ.ഡി ) തയ്യാറാക്കുന്നതിന് നടപടി. ടോപ്പോഗ്രാഫിക് സർവേയും മണ്ണ് പരിശോധനയും ആരംഭിച്ചു. വടക്കാഞ്ചേരി ബൈപ്പാസ് പ്രവർത്തനം കടാലാസിലൊതുങ്ങിയെന്ന് കഴിഞ്ഞ ദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. റെയിൽവേയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ അകമലയ്ക്കടുത്ത് കാട്ടിലെ ഗേറ്റ് പരിസരത്ത് മേൽപ്പാലം നിർമ്മിക്കുന്നതിന് ധാരണയായതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു.
കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (കെ.ആർ. ഡി.സി.എൽ ) നിർമ്മാണ ചുമതല. 75 ദിവസത്തിനകം അംഗീകാരത്തിന് സമർപ്പിക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ റീജ്യണൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്വാളിറ്റി കൺട്രോൾ ലാബ് ( ആർ.ഐ.ക്യു.സി. എൽ) 60 മീറ്റർ വീതിയിൽ ടോപോഗ്രാഫിക് സർവേ വർക്കുകൾ ഡിഫ്രന്റൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ഡി ജി. പി.എസ് ) മുഖേന നടത്തി അലൈൻമെന്റ് തയ്യാറാക്കി ഡിസൈൻ വിഭാഗത്തിന് സമർപ്പിച്ചിരുന്നു. കെ.ആർ.എഫ്.ബി എക്‌സിക്യൂട്ടീവ് എൻജിനീയർ ഷിബു കൃഷ്ണരാജ്, അസി: എക്‌സിക്യൂട്ടീവ് എൻജിനീയർ ഇ.ഐ.സജിത്ത് ,കെ.റെയിൽ സെക്ഷൻ എൻജിനീയർ മിഥുൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.
ബൈപാസ്
കരുതക്കാട് ആയുർവേദ ആശുപത്രി മുതൽ അകമല വരെയാണ് ബൈപാസ് നിർമ്മാണം. 23 മീറ്റർ വീതിയിൽ 5.3 കിലോമീറ്റർ നാലുവരിപ്പാതയാണ് നിർമ്മിക്കുന്നത്. ഏകദേശം 30 ഏക്കർ ഭൂമി ഇതിനായി അക്വയർ ചെയ്യേണ്ടി വരും. പരമാവധി വീടുകളും കെട്ടിടങ്ങളും ഒഴിവാക്കിയാണ് കടന്നുപോകുന്നത്.