തൃശൂർ : കഥാപ്രസംഗ കലയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി സംഗീത നാടക അക്കാഡമി സംസ്ഥാനതല കഥാപ്രസംഗ മഹോത്സവം സംഘടിപ്പിക്കും. ദക്ഷിണ മേഖല, മദ്ധ്യമേഖല, ഉത്തരമേഖല എന്നിങ്ങനെയായാണ് മഹോത്സവം സംഘടിപ്പിക്കുക. ഓരോ മേഖലകളിൽ അഞ്ചുദിവസം വീതമാണ് സംഘടിപ്പിക്കുക. ശില്പശാലയും കഥാപ്രസംഗ അവതരണവും അടങ്ങുന്നതാണ് പരിപാടി. ഓരോ ദിവസവും രാവിലെ 8.30 മുതൽ ആരംഭിക്കുന്ന ശില്പശാലയിൽ വൈകീട്ട് 30 മിനിറ്റ് വീതം യുവകാഥികരുടെ രണ്ട് ലഘു അവതരണവും മുതിർന്ന കാഥികന്റെ അവതരണവും ഉണ്ടാകും. ഇരുപതിനും നാൽപതിനും ഇടയിൽ പ്രായമുള്ള കാഥികർക്കാണ് അവസരം. മികച്ച അദ്ധ്യാപകരുടെ ക്ലാസ്, അഭിനയ പ്രാധാന്യമുള്ള ഇതര രംഗകലകളെ സംബന്ധിച്ചുള്ള സോദാഹരണ പ്രഭാഷണം, മുഖാമുഖം എന്നിവയുമുണ്ടാകും.