തൃശൂർ : മഴ മുന്നറിയിപ്പുകൾക്കിടെ, കഴിഞ്ഞ 48 മണിക്കൂറിൽ ജില്ലയിൽ പെയ്തത് അതിശക്ത മഴ. കനത്തമഴയിൽ തൃശൂർ ഹൈറോഡിൽ വ്യാപാര സ്ഥാപനം തകർന്നു. സി.സി.ബ്രദേഴ്‌സ് സ്റ്റേഷനറി ആൻഡ് ഹോൾസെയിൽസ് മർച്ചന്റ്‌സ് എന്ന സ്ഥാപനമാണ് തകർന്നത്. പാഴിയോട്ടുമുറി പാടത്തിന് സമീപം ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ മുകളിലേയ്ക്ക് മരക്കൊമ്പ് പൊട്ടിവീണ് രണ്ട് പേർക്ക് പരിക്കേറ്റു. പാഴിയോട്ടുമുറി കാണൂർ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ, കുട്ടഞ്ചേരി ചെറുക്കുന്നത്ത് വീട്ടിൽ സിനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെയും പിക്കപ്പ് വാനിന്റെയും മുകളിലേക്കാണ് മദിരാശി മരം ഒടിഞ്ഞുവീണത്. മണിക്കൂറുകളോളം കുന്നംകുളം വടക്കാഞ്ചേരി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ടെങ്കിലും അപകടകരമായ സ്ഥിതിയില്ല. ഡാമുകളുടെ ജലനിരപ്പ് ഉയർന്നുതന്നെയാണ് നിൽക്കുന്നത്. വാഴാനി, പീച്ചി ഡാമിൽ നിന്ന് നേരിയ തോതിൽ വെള്ളം ഒഴുക്കി വിടുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ ഉയർത്താനുള്ള സാദ്ധ്യത നിലനിൽക്കുന്നു. കഴിഞ്ഞമാസം അവസാനം ഡാം തുറന്നത് മൂലം ആയിരക്കണക്കിന് വീട്ടിൽ വെള്ളം കയറി, കോടികളുടെ നഷ്ടം സംഭവിച്ചു. മഴ ശക്തമായതോടെ ഗതാഗത പ്രശ്‌നവും രൂക്ഷമായി. നഗരത്തിലടക്കം മഴയെ തുടർന്ന് ഒഴിയാക്കുരുക്കായി. ഇതിനിടെ സ്വകാര്യ ബസുകൾ സമയക്രമം പാലിക്കാൻ തോന്നിയ വഴിയിലൂടെ ഓടുന്നതും കുരുക്ക് രൂക്ഷമാക്കി. എം.ജി റോഡിലും ദിവാൻജി മൂലയിലുമാണ് റൂട്ട് മാറി സ്വകാര്യ ബസുകൾ ഇടവഴികളിലൂടെ പോകുന്നത്.
മഴക്കണക്ക് മില്ലി മീറ്ററിൽ
(വ്യാഴാഴ്ച്ച രാവിലെ മുതൽ ഇന്നലെ രാവിലെ വരെ)
കൊടുങ്ങല്ലൂർ 118 മില്ലി മീറ്റർ
കുന്നംകുളം 64.2
ഇരിങ്ങാലക്കുട 94.3
ഏനാമാക്കൽ 84
ചാലക്കുടി 90.2
വടക്കാഞ്ചേരി 42
വെള്ളാനിക്കര 73.4
വാഴാനി
സംഭരണ ശേഷി 62.48 മീറ്റർ
നിലവിലെ ജലനിരപ്പ് 60.09
ഷട്ടർ തുറന്നത് രണ്ട് സെന്റീമീറ്റർ
ചിമ്മിണി
സംഭരണ ശേഷി 78.40
നിലവിലെ ജലനിരപ്പ് 72.82
പീച്ചി
സംഭരണ ശേഷി 79.25
നിലവിലെ ജലനിരപ്പ് 77.44
ഷട്ടർ തുറന്നത് : 1.25 സെന്റി മീറ്റർ ( രണ്ടെണ്ണം)
ഡാമുകളുടെ ജലനിരപ്പ് സംബന്ധിച്ച് നിരീക്ഷണമുണ്ട്. നിലവിലെ സാഹചര്യത്തിൽ പ്രശ്‌നങ്ങളില്ല. ഷോളയാറിൽ തമിഴ്‌നാടുമായുള്ള കരാർ കൂടി കണക്കിലെടുത്താണ് വെള്ളം ഒഴുക്കി വിടാൻ തീരുമാനിച്ചത്.
അർജുൻ പാണ്ഡ്യൻ
കളക്ടർ.