തൃശൂർ : ഏത് സമയവും വൻ ദുരന്തങ്ങൾക്ക് കാതോർത്ത് നഗരത്തിൽ കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലുള്ളത് നൂറ്റമ്പതോളം കെട്ടിടങ്ങൾ. നടപടിയെടുക്കണമെന്ന ഫയർ ഫോഴ്‌സിന്റെ നിർദ്ദേശം ചുവപ്പുനാടയിലാണ്. ഫയർഫോഴ്‌സിന്റെ കണക്കിൽ 144 കെട്ടിടങ്ങളാണുള്ളതെങ്കിലും ഇതിലും ഇരട്ടിയോളം കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലുണ്ട്. പലതും പുറമേ മോടി പിടിപ്പിച്ചാണ് പ്രവർത്തിക്കുന്നത്.
കോർപ്പറേഷന് മുന്നിലാണ് ഇതിൽ ഭൂരിഭാഗം കെട്ടിടങ്ങളും. ജയ്ഹിന്ദ് മാർക്കറ്റ്, ഹൈറോഡ്, സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഇത്തരം കെട്ടിടങ്ങളുള്ളത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ നിരവധി കെട്ടിടങ്ങളാണ് തകർന്നത്. ഇന്നലെ ശക്തമായ മഴയിൽ തൃശൂർ ഹൈറോഡിൽ പ്രവർത്തിക്കുന്ന സി.സി.ബ്രദേഴ്‌സ് സ്റ്റേഷനറി ആൻഡ് ഹോൾസെയിൽ മർച്ചന്റ് എന്ന വ്യാപാര സ്ഥാപനമാണ് തകർന്നത്. പകൽ സമയത്താണെങ്കിൽ വൻ ദുരന്തമുണ്ടായേനെ. പതിറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് കെട്ടിടം. കെട്ടിടത്തിന്റെ നടുഭാഗമാണ് തകർന്നത്. നേരത്തെ അഞ്ചുവിളക്കിന് സമീപം മഞ്ചക്കട സ്ഥിതി ചെയ്യുന്ന കെട്ടിടവും അതിനുമുമ്പ് തൃശൂരിൽ ജില്ലാ ആശുപത്രിക്ക് സമീപം നൂറ്റിയമ്പത് വർഷം പഴക്കമുള്ള കെട്ടിടവും തകർന്നിരുന്നു. തൃശൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമായിരുന്നു അത്.
പുറമേയ്ക്ക് സുന്ദരം
പല കെട്ടിടങ്ങളും പുറമേ സുന്ദരമെങ്കിലും കെട്ടിടത്തിന്റെ മുകൾഭാഗം പലതും ജീർണാവസ്ഥയിലാണ്. പല കെട്ടിടങ്ങളിലും വൻകിട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സുരക്ഷ മുൻനിറുത്തി പൂരദിവസം വർഷങ്ങളായി അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പ്രവർത്തിക്കാനോ, അവയിൽ ആളുകളെ നിൽക്കാനോ അനുവദിക്കാറില്ല. ഇത്തരം സ്ഥിതി വിശേഷമുണ്ടായിട്ട് പോലും മുൻകരുതലെടുക്കാനും തയ്യാറായിട്ടില്ല.
ഇനി നോക്കിയിരിക്കാനാവില്ല : മേയർ
ഇനി ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് മേയർ എം.കെ.വർഗീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഫയർഫോഴ്‌സ് നൽകിയ ലിസ്റ്റ് കോർപ്പറേഷന്റെ കൈവശമുണ്ട്. നഗരത്തിലെ കെട്ടിടങ്ങൾക്ക് സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. വ്യാപാരികളെ ദ്രോഹിക്കാനായല്ല. മറിച്ച് പൊതുജനങ്ങളുടെ സുരക്ഷയ്ക്കായാണ് ഇത്. എൻജിനിയറിംഗ് കോളേജുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മേയർ പറഞ്ഞു.