ചാലക്കുടി: വൃഷ്ടി പ്രദേശത്തെ കനത്തമഴയെ തുടർന്ന് ഷോളയാർ ഡാമിന്റെ ഷട്ടർ തുറന്നു. മൂന്ന് ഷട്ടറിലെ ഒരു സ്പിൽവേ ഷട്ടർ വഴി സെക്കൻഡിൽ 1706 ഘന അടി വെള്ളമാണ് പുറത്തുവരുന്നത്. പുറമേ വൈദ്യുതി ഉദ്പാദനത്തിന് ശേഷം വിടുന്ന വെള്ളവും പെരിങ്ങൽക്കുത്ത് ഡാമിലേക്കെത്തും. മുഴുവൻ ജനറേറ്ററുകളും ഇതിനായി പ്രവർത്തിക്കുന്നുണ്ട്.
പറമ്പിക്കുളം ആളിയാർ കരാർ പ്രകാരം സെപ്തം. ഒന്നിനകം തമിഴ്‌നാട് ഷോളയാർ ഡാമിലെ വെള്ളം തുറന്നിട്ട് കേരള ഷോളയാർ നിറയ്ക്കുന്ന പ്രക്രിയ തുടരുകയാണ്. ഷോളയാർ ഡാം തുറക്കാൻ ഇതും കാരണമായി. 2022ന് ശേഷം ആദ്യമായാണ് ഷോളയാർ ഡാം തുറന്നത്. പെരിങ്ങൽക്കുത്ത് ഡാമിലാകട്ടെ നിലവിൽ 75 ശതമാനം വെള്ളമുണ്ട്. ഇതിനിടെ 98 ശതമാനം വെള്ളമുള്ള തമിഴ്‌നാട്ടിലെ പറമ്പിക്കുളം ഡാം തുറന്നാൽ ചാലക്കുടിപ്പുഴയ്ക്ക് ഭീഷണിയാകും. പറമ്പിക്കുളത്തെ വെള്ളം നേരിട്ട് വരുന്നത് പെരിങ്ങൽക്കുത്തിലേക്കാണ്. ചാലക്കുടിയിലും പ്രാന്തപ്രദേശങ്ങളിലും മഴ തുടർന്നാൽ പുഴയിൽ കൂടുതൽ വെള്ളമുയരുന്ന സാഹചര്യമുണ്ടാകും. അതേസമയം ഇന്നലെ പകൽ മഴ വിട്ടുനിന്നത് ആശ്വാസമായി.