കാർഷിക വിളകൾ നശിപ്പിച്ചു
ചാലക്കുടി: അതിരപ്പിള്ളി മേഖലയിൽ വീണ്ടും കാട്ടാനാക്രമണം. വെറ്റിലപ്പാറ ചിക്ലായിയിൽ ഞർളക്കാട്ട് ജോസഫിന്റെ വീട്ടുപറമ്പിൽ ഇന്നലെ പുലർച്ചെ അറുപതോളം നേന്ത്രവാഴകൾ നശിപ്പിച്ചു. കുലച്ച വാഴകളാണ് നശിപ്പിച്ചത്. മുപ്പതോളം തെങ്ങിൻ തൈകളും ഒടിച്ചു. ശക്തമായ മഴയായതിനാൽ ആനകൾ പറമ്പിലെത്തിയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ അതിരപ്പിള്ളി പഞ്ചായത്തിൽ പലയിടത്തും കാട്ടാനകൾ കൃഷി നശിപ്പിക്കുകയാണ്. മഴക്കാലത്ത് പൊതുവെ ആനകൾ ഉൾക്കാട്ടിൽ നിന്നും പുറത്തിറങ്ങാറില്ലെങ്കിലും ഏതാനും വർഷമായി ഈ സമത്തും ആനകൾ സജീവമാണ്. പുഴയോരത്ത് ഫെൻസിംഗ് സ്ഥാപിക്കുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ലെന്ന് നാട്ടുകാർ പറഞ്ഞു.