ഗുരുവായൂർ: കൃഷ്ണനാട്ടം കലാകാരന്മാർ ഒരു മാസത്തെ വിശ്രമവും രണ്ട് മാസത്തെ പരിശീലനവും പൂർത്തിയാക്കിയതോടെ, ഇനി ഭക്തജനം ഉണരുന്നതും ഉറങ്ങുന്നതും കളിയുടെ രാവുകളിലേക്ക്. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂരിൽ നാളെ മുതൽ കൃഷ്ണനാട്ടം കളി പുനരാരംഭിക്കും.
ഒരു മാസത്തെ വിശ്രമവും രണ്ട് മാസത്തെ പരിശീലനവും പൂർത്തിയാക്കിയാണ് നാളെ മുതൽ ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരന്മാർ കൃഷ്ണനാട്ടം അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നത്. അവതാരം മുതൽ സ്വർഗാരോഹണം വരെ എട്ട് കഥകളാണ് അവതരിപ്പിക്കുക. കൃഷ്ണനാട്ടം കലാകാരന്മാർക്ക് ജൂണിൽ അവധിയാണ്. ജൂലായിലും ആഗസ്റ്റിലും ഉഴിച്ചിലും കച്ചകെട്ട് അഭ്യാസവുമാണ്. നാളെ അവതാരമാണ് ആദ്യമായി അരങ്ങേറുക. തിങ്കളാഴ്ച കാളിയമർദ്ദനം അരങ്ങേറും. ഓരോ ദിവസത്തെയും കളി, ഭക്തരുടെ വഴിപാടായാണ് സമർപ്പിക്കുക. സ്വർഗാരോഹണം കഥയ്ക്ക് 3300 രൂപയും മറ്റു കഥകൾക്ക് 3000 രൂപയുമാണ് നിരക്ക്. നാളെ നടക്കുന്ന അവതാരം കളി 316 ഭക്തർ ശീട്ടാക്കി. തിങ്കളാഴ്ചയിലെ കാളിയമർദനം കഥ 214 പേർ ശീട്ടാക്കി. ചൊവ്വാഴ്ച ദിവസങ്ങളിൽ കൃഷനാട്ടം കളിയില്ല. സ്വർഗാരോഹണം കഥ അവതരിപ്പിച്ചാൽ പിറ്റേന്ന് അവതാരം വീണ്ടും അവതരിപ്പിക്കണം. ഇതിനാൽ സെപ്റ്റംബർ 20ന് സ്വർഗാരോഹണവും 21ന് അവതാരവും അവതരിപ്പിക്കും. ക്ഷേത്രത്തിൽ രാത്രി ചുറ്റുവിളക്കും തൃപ്പുകയും കഴിഞ്ഞ് നടയടച്ച ശേഷം ചുറ്റമ്പലത്തിൽ വടക്ക് ഭാഗത്താണ് കൃഷ്ണനാട്ടം അവതരണം. വഴിപാടുകാർക്ക് ദേവസ്വം പ്രസാദം നൽകും.
വഴിപാടുമായി നിരവധി പേർ
4ന് രാസക്രീഡ 103 പേർ
5ന് കംസവധം 124 പേർ
6ന് സ്വയംവരം 522 പേർ
7ന് ബാണയുദ്ധം 606 പേർ
8ന് വിവിദവധം 79 പേർ
(ഇനിയും എണ്ണം വർദ്ധിച്ചേക്കും)