ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ (ഓട്ടോണമസ്) മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം 'ലസ്റ്റർ-24' എന്ന പേരിൽ ജൂനിയർ മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. 2024 -25 അദ്ധ്യയന വർഷത്തിൽ കാമ്പസിൽ നവാഗതരായെത്തിയ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥികളിൽ നിന്ന് പ്രതിഭകളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് 'ലസ്റ്റർ- 24' സംഘടിപ്പിച്ചത്. രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയിൽ വിധികർത്താക്കളായത് കഴിഞ്ഞ വർഷങ്ങളിൽ വിവിധ മാനേജ്മെന്റ് ഫെസ്റ്റുകളിൽ വിജയികളായ മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥികളാണ്. ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, എച്ച്.ആർ ഗെയിം, ഫിനാൻസ് ഗെയിം, മാർക്കറ്റിംഗ് ഗെയിം എന്നീ മത്സരങ്ങളിൽ വിജയികളായവർക്ക് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സി.എം.ഐ സർട്ടിഫിക്കറ്റും കാഷ് അവാർഡും സമ്മാനിച്ചു. ഒന്നാം വർഷ ബി.ബി.എ മാർക്കറ്റിംഗ് വിദ്യാർത്ഥിനി ആൻ റോസ് ജയ്സൺ ബെസ്റ്റ് മാനേജരായി തെരഞ്ഞെടുക്കപ്പെട്ടു.