തൃശൂർ: പാലിയേക്കര ടോൾ നിരക്ക് വർദ്ധനയ്ക്കെതിരെ നൽകിയ ഹർജി തിങ്കളാഴ്ച ഹൈക്കോടതി വാദം കേൾക്കാനിരിക്കെ തിരക്കിട്ട് സെപ്തംബർ ഒന്നിന് തന്നെ നിരക്ക് വർദ്ധിപ്പിക്കുന്ന കരാർ കമ്പനിയുടെ നീക്കം ജനങ്ങളോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി.സി.സി വൈസ് പ്രസിഡന്റുമായ അഡ്വ. ജോസഫ് ടാജറ്റ്. കരാർ ലംഘനത്തിന് കരാർ കമ്പനിക്ക് 2128.72കോടി രൂപ എൻ.എച്ച്.എ.ഐ പിഴ ചുമത്തിയ സാഹചര്യത്തിലും കരാർ പ്രവൃത്തികളും, സേഫ്ടി ഓഡിറ്റിൽ നിർദ്ദേശിച്ച സുരക്ഷാ പ്രവൃത്തികളും ചെയ്തുതീർക്കാത്ത സാഹചര്യത്തിലും സെപ്തംബർ ഒന്ന് മുതൽ ടോൾ നിരക്ക് വർദ്ധിപ്പിക്കാനുള്ള കരാർ കമ്പനിയുടെ നീക്കം എൻ.എച്ച്.എ.ഐയും സർക്കാരും തടയണമെന്ന് ലീഗൽ നോട്ടീസ് വഴി ആവശ്യപ്പെട്ടിരുന്നു. മറുപടിയൊന്നും ലഭിക്കാതിരുന്നതിനെത്തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി ബോധിപ്പിച്ചത്. ചെലവ് വന്ന 721 കോടി രൂപക്ക് രണ്ടിരട്ടിയായ 1450 കോടി പിരിച്ചിട്ടും കമ്പനി ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാനാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു.