വടക്കാഞ്ചേരി : സംസ്ഥാനപാതയിൽ പ്രധാന ജംഗ്ഷനുകളിലൊന്നായ വടക്കാഞ്ചേരി റെയിൽവേ ജംഗ്ഷന് പുതിയ മുഖച്ഛായ. അഞ്ച് വർഷം മുമ്പ് ആരംഭിച്ച നിർമ്മാണ പ്രവർത്തനമാണ് ഇപ്പോൾ പൂർത്തിയായത്. സംസ്ഥാനപാതയോട് ചേർന്ന് താമസിച്ചിരുന്ന കൊടപിള്ളി ജോഷി തന്റെ സ്ഥലത്തിലൂടെയാണ് നിർമ്മാണമെന്ന് ആരോപിച്ച് രംഗത്തെത്തിയത് വ്യവഹാരത്തിന് വഴി വെച്ചിരുന്നു.
200 മീറ്റർ ദൂരം ഇരുവശത്തും 4.5 മീറ്റർ വീതിയിൽ കോൺക്രീറ്റ് കാന, കൈവരിയോട് കൂടിയ ടൈൽ വിരിച്ച ഫുട്പാത്ത്, രണ്ട് സോളാർ തെരുവ് വിളക്കുകൾ, റോഡിന്റെ മദ്ധ്യത്തിലായി ഹൈമാസ്റ്റ് ലൈറ്റുകൾ, 15.5 മീറ്റർ വീതിയിൽ നാലുവരിപ്പാതയാക്കി ബി.എം ആൻഡ് ബി.സി മോഡൽ ടാറിംഗ് തുടങ്ങിയവയാണ് ഒരു കോടി ചെലവ് വരുന്ന പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരുന്നത്. ആദ്യഘട്ടത്തിൽ 68 ലക്ഷത്തിന്റെ പ്രവർത്തനമാണ് മരാമത്ത് നിരത്ത് വിഭാഗം പൂർത്തീകരിച്ചത്.
രണ്ടാംഘട്ടത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് 28 ലക്ഷം രൂപ അനുവദിച്ചിരുന്നു. റെയിൽവേ സ്റ്റേഷന് മുന്നിലും, മച്ചാട് റോഡ് ജംഗ്ഷനിലുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ. മുൻ എം.എൽ.എ അനിൽ അക്കര ആവിഷ്‌കരിച്ച പദ്ധതിയോട് നഗരസഭ നിസഹകരിച്ചെന്ന ആരോപണവുമുയർന്നിരുന്നു.
ഇനിയും മഴയും വെയിലും കൊള്ളണം
റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി മച്ചാട് റോഡ് ജംഗ്ഷനിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മഴയോ, വെയിലോ കൊള്ളാതെ നിൽക്കാനാകില്ല. രണ്ട് ഇരുമ്പ് തൂണുകൾക്ക് മുകളിൽ ഒരു ഷീറ്റ് വിരിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ചുറ്റും പൊന്തക്കാടാണ്. റെയിൽവേ സ്റ്റേഷന് മുന്നിലും, മച്ചാട് ജംഗ്ഷനിലും ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ 28 ലക്ഷം രൂപയാണ് അനുവദിച്ചത്.