komb
1

മാള: കൊമ്പൊടിഞ്ഞാമാക്കൽ ജംഗ്ഷനിൽ ഏറെക്കാലമായുള്ള ഗതാഗതക്കുരുക്കിനും മോഷണം, കവർച്ച എന്നിവയ്ക്കും പരിഹാരമൊരുക്കുന്നതിനുള്ള നടപടിയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ജംഗ്ഷനിലെ ഗതാഗതതിരക്ക് നിയന്ത്രിക്കുന്നതിനായി തോംസൺ ഗ്രൂപ്പ് ഒഫ് കമ്പനിയുടെ സഹകരണത്തോടെയാണ് ട്രാഫിക് വാർഡനെ നിയോഗിച്ചത്. കൊമ്പിടി ജംഗ്ഷനിലെ ഗതാഗത നിയന്ത്രണം ഇതോടെ കാര്യക്ഷമമാകും. ജംഗ്ഷനിലെ വ്യാപാരസ്ഥാപനങ്ങൾക്കും പണമിടപാട് സ്ഥാപനങ്ങൾക്കും സുരക്ഷയൊരുക്കുന്നതിനായി ജംഗ്ഷൻ മുഴുവനായും കവർ ചെയ്യുന്ന വിധത്തിൽ അത്യാധുനിക ക്യാമറകളും സ്ഥാപിച്ചു.

ആളൂർ സി.ഐ: കെ.എം. ബിനീഷ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.ജെ. ജോളി അദ്ധ്യക്ഷനായി. തോംസൺ ഗ്രൂപ്പ് ഒഫ് കമ്പനി ഡയറക്ടർ പി.ടി. ബെന്നി മുഖ്യാതിഥിയായി. തോംസൺ ഗ്രൂപ്പ് ഒഫ് കമ്പനി ഡയറക്ടർ തോമസ് ജോൺസൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി പി.പി. ജോഷി, യൂണിറ്റ് ട്രഷറർ ജോമോൻ പോണോളി, വനിതാവിംഗ് പ്രസിഡന്റ് ഷാന്റി ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ ആന്റു ജോസ്, അനിൽ ഊക്കൻ, ജോയിന്റ് സെക്രട്ടറിമാരായ ജോബി, കെ.ജെ. വിൽസൺ, ടി.കെ. കമലൻ, വനിതാവിംഗ് സെക്രട്ടറി സിനി അനിൽ, വനിതാവിംഗ് ട്രഷറർ നജ്മ സലാം എന്നിവർ പങ്കെടുത്തു.