1

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഡി.സി.സി പ്രസിഡന്റിന്റെ ചുമതലയിൽ വി.കെ. ശ്രീകണ്ഠൻ എം.പി തുടർന്നേക്കും. വിവിധ ഗ്രൂപ്പുകാരെ ഒന്നിച്ചുകൊണ്ടുപോകാൻ പറ്റിയ ഒരാളെ കണ്ടെത്താനാകാതെ കെ.പി.സി.സി നേതൃത്വം ആശയക്കുഴപ്പത്തിലായതാണ് പ്രധാന കാരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുരളീധരന്റെ തോൽവിയെച്ചൊല്ലിയുള്ള കൈയ്യാങ്കളിയെത്തുടർന്ന് ഡി.സി.സി പ്രസിഡന്റായിരുന്ന ജോസ് വള്ളൂരും യു.ഡി.എഫ് ചെയർമാനായിരുന്ന എം.പി. വിൻസെന്റും രാജി വച്ചിരുന്നു.തുടർന്നാണ് ശ്രീകണ്ഠൻ ചുമതലയേറ്റത്.

വിശദമായി ചർച്ച ചെയ്ത ശേഷം പ്രസിഡന്റിനെ തീരുമാനിക്കാമെന്ന നിലപാടിലാണ് കെ.പി.സി.സി. നേതാക്കളുടെ തമ്മിലടി അവസാനിപ്പിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ചില്ലെങ്കിൽ തൃശൂരിൽ പാർട്ടിയുടെ നില പരുങ്ങലിലാണെന്ന് നേതൃത്വത്തിനറിയാം. നടത്തറയിലും ചേലക്കരയിലും നടന്ന ക്യാമ്പുകളിൽ ഇക്കാര്യം ചർച്ചാവിഷയമായിരുന്നു. ടി.എൻ. പ്രതാപൻ, അനിൽ അക്കര എന്നിവർക്കെതിരെ മുരളീധരനെ അനുകൂലിക്കുന്നവരുടെ പ്രതിഷേധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മുരളീധരന്റെ തോവിയെപ്പറ്റി അന്വേഷിച്ച കെ.പി.സി.സി മൂന്നംഗ സമിതി ചിലർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്‌തേക്കുമെന്നാണ് വിവരം.

ഇതിൽ പ്രതാപന്റെയും മറ്റും പേരുകളുണ്ടത്രെ. എന്നാൽ പ്രതാപനെ അനുകൂലിക്കുന്നവർ ഇത് നിഷേധിക്കുന്നുമുണ്ട്. മൂന്ന് തവണ സിറ്റിംഗ് നടത്തിയാണ് മുൻ മന്ത്രി കെ.സി. ജോസഫ്, ടി. സിദ്ദിഖ് എം.എൽ.എ, ആർ. ചന്ദ്രശേഖരൻ എന്നിവർ മുരളീധരന്റെ തോൽവിയെപ്പറ്റിയുള്ള തെളിവെടുപ്പ് പൂർത്തിയാക്കിയത്.

ശ്രീകണ്ഠനെതിരെയും വിമർശനം

ടി.എൻ. പ്രതാപൻ, ജോസ് വള്ളൂർ, അനിൽ അക്കര, എം.പി. വിൻസെന്റ് തുടങ്ങിയവരുടെ വാക്കുകൾ കേട്ടാണ് ശ്രീകണ്ഠന്റെ പ്രവർത്തനമെന്ന് ആരോപിച്ച് കെ.പി.സി.സിക്ക് ചിലർ ഇതിനകം തന്നെ പരാതി അയച്ചിട്ടുണ്ട്. മുരളീധരനെ തോൽപ്പിച്ചെന്ന് ആരോപിക്കപ്പെടുന്നവരെ കഴിഞ്ഞ ദിവസം കളക്ടറേറ്റിനു മുമ്പിൽ നടന്ന ധർണയിൽ പങ്കെടുപ്പിച്ചതാണ് ഒടുവിലത്തെ കാരണം. താരങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണത്തിൽ പ്രതിഷേധിച്ചായിരുന്നു ധർണ. ടി.എൻ. പ്രതാപനായിരുന്നു ഉദ്ഘാടകൻ. ജോസ് വള്ളൂർ, എം.പി. വിൻസെന്റ് എന്നിവരും പ്രസംഗിച്ചു. ആരോപണവിധേയരെ പങ്കെടുപ്പിച്ചതിലുള്ള പ്രതിഷേധം നേതാക്കൾ ശ്രീകണ്ഠനോട് നേരിൽ അറിയിച്ചുവത്രെ. അതേസമയം തൃശൂരിന്റെ ചുമതലയിൽ തുടരാൻ ശ്രീകണ്ഠന് താത്പര്യമില്ലെന്നും സൂചനയുണ്ട്.