കുന്നംകുളം: താലൂക്ക് ആശുപത്രിയുടെ നിർമ്മാണ പ്രവൃത്തികൾക്കായി കൊണ്ടുവന്ന ഇരുമ്പ് കമ്പികൾ ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ ക്രെയിൻ മറിഞ്ഞു വീണു. റോഡിൽ ആളില്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ക്രെയിനിൽ ഡ്രൈവർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് വൺവേ റോഡ് പൂർണ്ണമായും ബ്ലോക്ക് ചെയ്തു.
ശനിയാഴ്ച രാവിലെ പതിനൊന്നോടെ നഗരസഭ ഓഫീസിന് പിറകുവശത്തെ വൺവേ റോഡിലായിരുന്നു അപകടം. ഗുരുവായൂർ ഭാഗത്ത് നിന്നുമെത്തിയ ക്രെയിനാണ് അപകടത്തിൽപെട്ടത്. ചരിവുള്ള ഭാഗത്ത് നിറുത്തിയിട്ടിരുന്ന ക്രെയിൻ കമ്പികൾ ഒരു വശത്തേക്ക് ഉലഞ്ഞതിനെ തുടർന്ന് മറിഞ്ഞു. സമീപത്തെ ആൽമരത്തിൽ തട്ടി വീണതിനാൽ റോഡരികിൽ നിറുത്തിയിട്ടിരുന്ന ട്രാവലറുകളിൽ തട്ടിയില്ല. തുടർന്ന് ക്രെയിൻ ഉയർത്തിയതോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.