jail

തൃശൂർ: വിയ്യൂർ ജയിലിൽ നിരോധിത വസ്തുക്കൾ എറിഞ്ഞുനൽകുന്നത് തടയാൻ മതിലിനു മുകളിൽ ചില്ലുകഷ്ണങ്ങൾ പതിച്ച് പ്രതിരോധം. സെൻട്രൽ ജയിലിനു പുറത്തുള്ള മതിലിനു ചുറ്റുമാണ് കുപ്പികൾ പൊട്ടിച്ചു പതിച്ചത്. ജയിലിന്റെ കൂറ്റൻ മതിലിനു കൂടുതൽ അടുത്തുള്ള പാടൂക്കാട് ആകാശവാണി റോഡിന്റെ ഭാഗത്താണ് ചില്ലുകൾ സ്ഥാപിച്ചത്. ഇവിടെയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ചു മതിൽ ചാടിക്കടന്ന് പ്രധാന മതിലിന്റെ അടുത്തെത്തി ജയിൽ വളപ്പിലേക്ക് കഞ്ചാവ്, മറ്റ് ലഹരി വസ്തുക്കൾ ഉൾപ്പെടെയുള്ളവ അന്തേവാസികൾക്ക് എറിഞ്ഞുകൊടുക്കുന്നത്.

250 മീറ്റർ ദൂരത്താണ് ചില്ലുകൾ പതിച്ചിരിക്കുന്നത്. കാലങ്ങളായി ജയിൽ വളപ്പിലേക്ക് നിരോധിച്ച വസ്തുക്കൾ, മൊബൈൽ സിം കാർഡ് എന്നിവ വലിച്ചെറിയുന്നത് പതിവാണ്. പലപ്പോഴും ജയിൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഇത്തരം വസ്തുക്കൾ പിടിക്കാറുണ്ടെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിയാറില്ല. സെല്ലുകളിൽ നിന്നും സിം കാർഡ് പിടിച്ചെടുക്കുന്നത് പതിവുസംഭവമാണ്. ആയിരത്തിലേറെ തടവുകാരാണ് സെൻട്രൽ ജയിലിലുള്ളത്.

അനുവാദമില്ലാതെ മതിൽ ചാടിക്കടക്കുന്നവരെ പിടികൂടാൻ ജയിലിലെ ഡോഗ് സ്‌ക്വാഡ് സജ്ജം. വലിയ ജയിൽ മതിലിനും ചുറ്റുമതിലിനും ഇടയിലാണ് ഡോഗ് സ്‌ക്വാഡുള്ളത്. കൂടാതെ ജയിൽ പാറാവുമാരും റോന്തുചുറ്റും.

അതിക്രമിച്ചു കടക്കുന്നവർക്ക് മുന്നറിയിപ്പായി ബോർഡുകളും ജയിലിനു ചുറ്റുംസ്ഥാപിച്ചിട്ടുണ്ട്. നായ്ക്കളുടെ പിടിവീഴുമെന്നും ശിക്ഷ ലഭിക്കുമെന്നുമാണ് ബോർഡിലുള്ളത്.

ജയിൽ വളപ്പിലേക്ക് ലഹരി വസ്തുക്കൾ ഉൾപ്പെടെയുള്ളവ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും

- കെ. അനിൽകുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട്